തിരുവനന്തപുരം: ആർ.സി.സിയിൽ എത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും യാത്ര ചെയ്യുന്നതിനായി കെ.എസ്.ആർ.ടി.സി ആരംഭിച്ച സർക്കുലർ സർവീസ് മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്തു. ആർ.സി.സി ഡയറക്ടർ ഡോ. രേഖാ എസ്. നായർ അദ്ധ്യക്ഷയായിരുന്നു. ആർ.സി.സിയിൽ നിന്ന് പുറപ്പെടുന്ന ബസ് മെഡി. കോളേജ് ബസ് സ്റ്റാൻഡ്, ചാലകുഴി, പട്ടം എൽ.ഐ.സി, കേശവദാസപുരം, ഉള്ളൂർ മെഡി. കോളേജ് വഴി ആർ.സി.സിയിൽ എത്തും. മറ്റൊരു സർവീസ് ആർ.സി.സിയിൽ നിന്ന് പുറപ്പെട്ട് മെഡി. കോളേജ്, വൈദ്യുതി ഭവൻ, പട്ടം എൽ.ഐ.സി, ചാലക്കുഴി, മെഡി. കോളേജ് വഴി ആർ.സി.സിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ ബസുകളിലെ യാത്രാ നിരക്ക് 10 രൂപയാണ്. എന്നാൽ ഈ സർവീസിലെ പതിനായിരം യാത്രക്കാരുടെ യാത്രാ നിരക്ക് നിംസ് മെഡിസിറ്റിയും പതിനായിരം യാത്രക്കാരുടെ യാത്രാ നിരക്ക് ആർ.സി.സിയിലെ തന്നെ കനിവ് എന്ന സംഘടനയുമാണ് സ്‌പോൺസർ ചെയ്തിരിക്കുന്നത്.