വെഞ്ഞാറമൂട്: നാടകരംഗത്ത് നാടിന്റെ യശസിനെ വീണ്ടും വാനോളമെത്തിച്ച് വെഞ്ഞാറമൂട് സൗപർണിക. അനശ്വരനായ ഷേക്‌സ്പിയറുടെ ജീവിതം അരങ്ങിലെത്തിച്ച സൗപർണികയുടെ 'ഇതിഹാസം' എന്ന നാടകം സംസ്ഥാന നാടക മത്സരത്തിൽ നേടിയത് എട്ട് പുരസ്കാരങ്ങൾ. മികച്ച നാടകം, സംവിധാനം, മികച്ച നടൻ, മികച്ച രണ്ടാമത്തെ രചന, രണ്ടാമത്തെ നടി, രംഗപടം, സംഗീത സംവിധാനം, വസ്ത്രാലങ്കാരം എന്നീ അവാർഡുകളാണ് ഇതിഹാസത്തെ തേടിയെത്തിയത്.
നാടകരംഗത്ത് എക്കാലവും പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന സൗപർണികയുടെ അശോക്, ശശി എന്നിവരാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇരുവർക്കും ഇതിഹാസത്തിലൂടെ ഇതുവരെ ലഭിച്ചത് എഴ് സംസ്ഥാന അവാർഡുകളാണ്. ഷേക്‌സ്‌പിയറിന്റെ നാടകങ്ങൾക്ക് പലരും രംഗഭാഷ്യം നൽകുകയും സിനിമയാക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവിതവും ചരിത്രവും പറയുന്ന ഒരു നാടകം ആദ്യമായിട്ടാണന്നാണ് ജൂറിയും അഭിപ്രായപ്പെട്ടത്.
16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഷേക്‌സ്‌പിയറിന്റെ ജീവിതം നാടകമാക്കുക എന്നത് വലിയ വെല്ലുവിളിയായി അശോക് -ശശിമാർ ഏറ്റെടുക്കുകയായിരുന്നു. അതിഭാവുകത്വങ്ങൾ ഇല്ലാതെ സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ ഷേക്‌സ്‌പിയറുടെ ജീവിതവും ചരിത്രവും വരച്ചുകാട്ടാൻ ഇവർക്കായതാണ് ഇതിഹാസം എന്ന നാടകത്തിന്റെ വിജയവും.
തേടിയെത്തിയത് നിരവധി പുരസ്കാരങ്ങൾ
സംസ്ഥാനത്ത് നടന്ന മറ്റ് 27 നാടക മത്സരങ്ങളിലും ഒന്നാം സ്ഥാനമടക്കം നിരവധി പുരസ്കാരങ്ങൾ ഇതിഹാസത്തെയും സൗപർണികയേയും തേടിയെത്തി.
വെഞ്ഞാറമൂട് എന്ന കലാഗ്രാമത്തിൽ നിന്നുള്ള ഊർജമാണ് ഇത്തരത്തിലുള്ള പുതിയ പരീക്ഷണങ്ങൾ നടത്താൻ തങ്ങൾക്ക് പ്രചോദനമാകുന്നതെന്ന് സംവിധായകരായ അശോക്-ശശിമാർ പറഞ്ഞു. സംസ്ഥാന-ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കലാകാരന്മാരെ ഒരുമിപ്പിച്ച് കൊണ്ടുപോകാനും ഷേക്‌സ്‌പിയറെ പോലെയുള്ള മഹാരഥന്മാരുടെ ജീവിതം നാടകമാക്കാൻ കഴിഞ്ഞതും ഭാഗ്യമായി കാണുന്നതായി സൗപർണികയുടെ സാരഥി ദിലീപും പറഞ്ഞു.