കല്ലമ്പലം: ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഓൺലൈൻ ക്ലാസുകളിൽ നി്ന്ന് വിദ്യാലയമുറ്റത്തേക്ക് എത്തിച്ചേരുന്ന കുരുന്നുകളെ വരവേല്ക്കാൻ ഒരുങ്ങിയിരിക്കുകയാണ് കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് സ്കൂൾ പൂർണമായും ശുചീകരിച്ചും ക്ലാസ് റൂമുകൾക്ക് പുത്തൻ മുഖച്ഛായ പകർന്നും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും മാർഗ്ഗനിർദ്ദേശങ്ങൾ സ്ഥാപിച്ചും രക്ഷാകർത്തൃ യോഗങ്ങൾ വിളിച്ചുകൂട്ടിയും പ്രവേശന കവാടം മുതൽ വിസ്മയ കാഴ്ചകൾ ഒരുക്കിയുമാണ് കുരുന്നുകളുടെ വരവിന് മാറ്റ്കൂട്ടുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽനിന്ന് 25 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ഒരു ദിവസം സ്കൂളിൽ എത്തിച്ചേരുന്നത്. കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂൾ സീനിയർ പ്രിൻസിപ്പിൾ എസ്. സഞ്ജീവ്, ചെയർമാൻ എ. നഹാസ്, കൺവീനർ യു. അബ്ദുൽ കലാം, എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എസ്. ബിജോയ് എച്ച്.എസ്. പ്രിൻസിപ്പൽ എം.എൻ. മീര എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.