കല്ലമ്പലം: പള്ളിക്കലിലെ ചായക്കടയിൽ നിന്ന് പണവും സ്മാർട്ട് ഫോണും കവർന്നയാളെ പള്ളിക്കൽ പൊലീസ് പിടികൂടി. കൊല്ലം തൃക്കരുവ കാഞ്ഞാവെളിയിൽ അന്നൂർ കിഴക്കതിൽ റഫീഖാണ് (40) പിടിയിലായത്. കഴിഞ്ഞ 11ന് രാവിലെ 11ഓടെ പള്ളിക്കൽ ബി.എസ്.എൻ.എൽ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന റജിലയുടെ ചായക്കടയിൽ നിന്നാണ് പഴ്സിൽ സൂക്ഷിച്ചിരുന്ന നാലായിരം രൂപയും പതിനൊന്നായിരം രൂപ വിലയുള്ള സ്മാർട്ട്ഫോണും പ്രതി കൈക്കലാക്കിയത്. റജില അന്നുതന്നെ പള്ളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കൈയിൽ ഫയലുമായി ഒരാൾ കടയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്നതും പണവും മൊബൈലും കൈക്കലാക്കുന്നതും കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനാൽ പ്രതി ഒളിവിൽ പോവുകയായിരുന്നു. പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് പ്രതിക്കായി നടത്തിയ വ്യാപക തെരച്ചിലിലാണ് ഒളിസങ്കേതത്തിൽ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കഴക്കൂട്ടം, അഞ്ചാലുംമൂട്, വർക്കല പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകൾ നിലവിലുണ്ട്. അസുഖബാധിതനെന്ന് അഭിനയിച്ച് വീടുകളിലെത്തി പണപ്പിരിവ് നടത്തുകയും തക്കം കിട്ടുമ്പോൾ കവർച്ച നടത്തുകയുമാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.