തിരുവനന്തപുരം: എക്‌സൈസ് വകുപ്പും വിമുക്തി മിഷനും നടത്തുന്ന ഒരു മാസത്തെ തീവ്ര ലഹരിവിരുദ്ധ ബോധവത്കരണ യജ്ഞത്തിന്റെ ഭാഗമായി മദ്യ, മയക്കുമരുന്ന് വിപത്തിനെതിരെ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ആയിരങ്ങൾ ദീപം തെളിച്ചു. നിയമസഭ സാമാജികരുടെ നേതൃത്വത്തിൽ നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ 152 ദീപങ്ങൾ തെളിച്ചുകൊണ്ടാണ് മഹാത്മാഗാന്ധിയുടെ 152ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടി സംഘടിപ്പിച്ചത്.
ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ മന്ത്രി എം.വി. ഗോവിന്ദനാണ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തത്. പാലക്കാട് നടന്ന ചടങ്ങിൽ സ്പീക്കർ എം.ബി. രാജേഷ് ദീപം തെളിച്ചു. കളമശേരിയിൽ മന്ത്രി പി. രാജീവും ആലപ്പുഴയിൽ മന്ത്രി പി. പ്രസാദും ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയും താനൂരിൽ മന്ത്രി വി. അബ്ദുറഹ്മാനും പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പരിപാടി ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ സൊസൈറ്റി അംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, യുവജന, വനിതാ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി പ്രാദേശിക കൂട്ടായ്‌മകളുടെ പിന്തുണയോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓൺലൈൻ സെഷനുകൾ, സൈക്കിൾ റാലികൾ, ക്വിസ് മത്സരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ബോധവത്കരണ പരിപാടികൾ നടന്നു.