dev

തിരുവനന്തപുരം: റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയാണ് കുടപ്പനക്കുന്നിൽ പത്തു വയസുകാരന്റെ ജീവൻ അപഹരിച്ചത്. വെള്ളം കരകവിഞ്ഞൊഴുകുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അജി പറഞ്ഞു. തോട്ടിൽ ചിലയിടത്ത് ഒരാൾ പൊക്കവും ചിലയിടത്ത് അരയോളം വെള്ളവുമുണ്ടായിരുന്നു. കുട്ടി വീണ ഭാഗത്ത് വലിയ രീതിയിൽ ഒഴുക്കുണ്ടായിരുന്നു. ഇവിടെ മുതിർന്നവർ വീണാൽപോലും പിടിച്ചുനിൽക്കാനാവില്ല.

കുട്ടി വീണ സ്ഥലം മുതൽ അഞ്ചുമീറ്ററോളം ദൂരം സുരക്ഷാവേലിയോ കൈവരിയോ ഇല്ല. പിന്നീട് കുറച്ച് ദൂരം കോൺക്രീറ്റ് സ്ലാബ് ഇട്ടിട്ടുണ്ട്. അതുവഴി ഗതാഗതവുമുണ്ട്. ഇതിന് അടിയിലൂടെ വടം കെട്ടിയാണ് അരമണിക്കൂറിലധികം തെരച്ചിൽ നടത്തിയത്. തുടർന്നാണ് കുന്നത്തെന്ന സ്ഥലത്ത് മരവേരിൽ കൈ കുടുങ്ങിയ ദേവിനെ കണ്ടെത്തുന്നത്. ഇവിടെ നിന്ന് സ്വകാര്യ വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഇൗ ഭാഗത്തെ തോടിന് വീതി കുറവാണെങ്കിലും മഴ പെയ്‌തതിനാൽ വലിയ തോതിൽ വെള്ളം കുത്തിയൊലിച്ച് എത്തിയിരുന്നു. കൈവരി ഇല്ലാത്തതിനാൽ അപകടസാദ്ധ്യതയും കൂടതലായിരുന്നു. തുടക്കത്തിൽ രക്ഷാ പ്രവർത്തനത്തിന് തടസമായതും വെള്ളക്കൂടുതലാണ്.