തിരുവനന്തപുരം: കൊവിഡ് ബ്രിഗേഡിലുള്ള ജീവനക്കാരെ പിരിച്ചുവിട്ട കാരണത്താൽ മെഡിക്കൽ കോളേജ് ആശുപത്രി മൈക്രോബയോളജി ലാബിന്റെ പ്രവർത്തനം തടസപ്പെടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ. നിസാറുദീൻ അറിയിച്ചു. ഇത്തരമൊരു പ്രചരണം ശ്രദ്ധയിൽപ്പെട്ടയുടൻ ആർ.എം.ഒ,​ സെക്യൂരിറ്റി ഓഫീസർ എന്നിവരോടൊപ്പം ഇന്നലെ വൈകിട്ട് മൈക്രോബയോളജി ലാബ് സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പരിശോധനകൾ മൈക്രോബയോളജി ലാബിൽ തുടർന്നും ലഭ്യമാക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.