തിരുവനന്തപുരം: ഇന്ന് തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളെ വരവേൽക്കുന്നത് അവരുടെ സ്വന്തം പ്രവേശനോത്സവ ഗാനം. സ്‌കൂളിലെ മലയാളം അദ്ധ്യാപകനായ ഷാജി. എ രചിച്ച് അദ്ധ്യാപിക ബിന്ദു വി.ആർ ഒരുക്കിയ വീഡിയോ ആൽബത്തിന് സംഗീതം പകർന്നത് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും സംഗീതജ്ഞയുമായ ലൗലി ജനാർദ്ദനൻ.
സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ഗാനം ആലപിച്ചത്. 7 മിനിട്ട് 46 സെക്കൻഡുള്ള ദൈർഘ്യമുള്ള വീഡിയോയിൽ തോന്നയ്ക്കൽ സ്കൂളിലെ പ്രവേശനോത്സവ രംഗങ്ങളും ആശാൻ സ്‌മാരകവുമാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. പൂർവ വിദ്യാർത്ഥിയായ സിനു.ബിയാണ് ചിത്രീകരണത്തിന് സാങ്കേതിക സഹായം നൽകിയത്.
''പുലരിദിനം...ഇതു കേരളപ്പിറവിദിനം കവചം മൂടുമിരുട്ടിൽ നിന്നുമെണീറ്റു വരുന്ന ദിനം...'' എന്നിങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്.