തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രൂപം കൊണ്ടതു മുതൽ ഐക്യകേരളം എന്ന സങ്കല്പത്തെ അർത്ഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളർന്നത്. വർഗീയതയും ജാതിവിവേചനവും തീർത്ത വെല്ലുവിളികൾ മറികടന്നു മതസാഹോദര്യവും ജനാധിപത്യമൂല്യങ്ങളും മുറകെപ്പിടിച്ചു മുന്നോട്ടു പോകാൻ നമുക്കായി. വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും ജനക്ഷേമവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ നിറവേറ്റാൻ കേരളത്തിനു സാധിച്ചു. അക്കാര്യങ്ങളിലെല്ലാം ലോകത്തിനു തന്നെ മാതൃകയായി മാറാൻ നമുക്ക് കഴിഞ്ഞതായി സോഷ്യൽമീഡിയ കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട് ഇനിയുമേറെ മുന്നേറാനുണ്ട്. കേരളത്തിന്റെ അഭിമാനാർഹമായ സവിശേഷതകൾ നഷ്ടപ്പെട്ടു പോകാതെ അവയെ കൂടുതൽ കരുത്തുറ്റതാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഈ കേരളപ്പിറവി ദിനത്തിൽ നമ്മൾ ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.