തിരുവനന്തപുരം: നഗരത്തിലെ പ്രധാന തിയേറ്ററായ ഏരീസ് പ്ലക്സ് അടച്ചുപൂട്ടലിന്റെ വക്കിൽ. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടാണ് അടച്ചുപൂട്ടലിലേക്ക് വഴിവച്ചതെന്ന് ഉടമ സോഹൻ റോയ് പറയുന്നു. ഏരീസിലേക്ക് മലയാള സിനിമകൾ നൽകില്ല എന്നാണ് അസോസിയേഷൻ നിലപാട്. മറ്റുവഴികൾ ഇല്ലാത്തതുകൊണ്ടാണ് തിയേറ്റർ പൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏരീസിൽ ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ലഭിച്ചിരിക്കുന്ന നിർദേശം. ഒരിക്കലും ഇത്രയും വലിയ ഒരു തീയേറ്റർ ഇംഗ്ലീഷ് സിനിമകൾ മാത്രം ഓടിച്ച് മുന്നോട്ടുകൊണ്ടു പോകാനാവില്ല. അഡ്വാൻസ് വാങ്ങി ചാർട്ട് ചെയ്ത സിനിമകളുടെ പണം കഴിഞ്ഞദിവസം തിരിച്ചുനൽകേണ്ടിവന്നു. സ്റ്റാർ, ഡോക്ടർ തുടങ്ങിയ സിനിമകളൊന്നും പ്രദർശിപ്പിക്കാനായില്ല. ടിക്കറ്റ് തുകയെല്ലാം തിരികെ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഏരീസിന്റെ ബ്രാൻഡിംഗ് തിയേറ്ററായിരുന്നു തിരുവനന്തപുരത്തുള്ളത്. എല്ലാ നഗരങ്ങളിലും വ്യവസായ രംഗങ്ങളിലുള്ളവരേക്കൊണ്ട് അവരുടെ ജന്മനാട്ടിൽ ഒരു തീയേറ്റർ പണി കഴിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഈയൊരു സംഭവത്തോടെ ഇനിയാർക്കും ഇങ്ങനെയൊരു രംഗത്തേക്ക് വരാൻ ധൈര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് നിർമാതാക്കൾ മനസിലാക്കുന്നില്ല. സിനിമയെ സ്‌നേഹിക്കുന്ന വ്യക്തിക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാൻ പറ്റില്ല.
വെള്ളിയാഴ്ച നിരോധനമേർപ്പെടുത്തുന്നു. ശനിയാഴ്ച രാവിലെ 8.50ന് ഒരു കത്തുകിട്ടുന്നു. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. താലിബാനാണോ ഇന്ത്യൻ ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നതെന്ന് സംശയമുണ്ട്. അല്ലാതെ സാധാരണ മനുഷ്യരിൽ നിന്ന് ഇങ്ങനെയുള്ള നീക്കങ്ങളുണ്ടാവാൻ സാദ്ധ്യതയില്ലെന്നും സോഹൻ റോയ് പറഞ്ഞു.