തിരുവനന്തപുരം: ഭിന്നശേഷിക്കാരനായിരുന്നെങ്കിലും ദേവ് ഊർജ്വസ്വലനായ കുട്ടിയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ദേവിനെ അറിയുന്നവർക്കാർക്കും അവനില്ലെന്ന സത്യം ഉൾക്കൊള്ളാനാകുന്നില്ല. അച്ഛനൊപ്പം പാൽ വാങ്ങാനിറങ്ങിയ അവന് നിമിഷങ്ങൾക്കുള്ളിലാണ് അപകടമുണ്ടായത്. മകനോട് അകത്തുകയറി പോകാൻ പറഞ്ഞിട്ടാണ് ശ്രീലാൽ പാൽ വാങ്ങാൻ തൊട്ടടുത്ത കടയിൽ പോയത്. അതിനിടെയായിരുന്നു അപകടം. ദേവ് മരിച്ച വിവരം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ല. അവർക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. കുട്ടിയുടെ അപകട വിവരം അറിഞ്ഞ് നിലവിളിച്ച് ഓടിയ ദിവ്യയെ കൗൺസിലർ കസ്‌തൂരിയും നാട്ടുകാരും ചേർന്നാണ് സമാധാനിപ്പിച്ച് വീട്ടിലാക്കിയത്. ദേവ് ഐ.സി.യുവിൽ ആണെന്നാണ് ദിവ്യയോട് പറഞ്ഞിരിക്കുന്നതെന്ന് കൗൺസിലർ പറഞ്ഞു. ദിവ്യയുടെ അച്ഛനും സഹോദരനും വീട്ടിലെത്തിയിട്ടുണ്ട്. റോഡിന്റെ വീതികൂട്ടിയതോടെയാണ് തോടിന്റെ വീതി കുറഞ്ഞത്. ഇതിനൊപ്പം തോടിനോട് ചേർന്ന് നിർമ്മാണങ്ങളും ഉയ‌ർന്നതോടെ തോടിന്റെ സ്വാഭാവികമായ ഒഴുക്ക് തടസപ്പെട്ടു. തോടിനോട് ചേർന്ന് പാർശ്വഭിത്തിയോ കൈവരിയോ ഇല്ലാതിരുന്നതും അപകടത്തിന്റെ ആക്കം കൂട്ടി. കുടപ്പനക്കുന്ന് പ്രദേശത്ത് ഇത് രണ്ടാം തവണയാണ് കൈത്തോട്ടിൽ വീണ് കുട്ടി മരിക്കുന്നത്. ആറ് വർഷങ്ങൾക്ക് മുൻപ് സൂചിവിള ആശുപത്രിക്ക് സമീപം അമ്മയ്ക്കൊപ്പം മഴയത്ത് നടന്ന് പോകുകയായിരുന്ന കുട്ടി അമ്മയുടെ പിടിവിട്ട് കാൽവഴുതി തോട്ടിൽ വീണ് സമാന രീതിയിൽ മരിക്കുകയായിരുന്നു. ദേവിന്റെ മൃതദേഹം നെയ്യാറ്റിൻകരയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും.