കൽപറ്റ:സംസ്ഥാന ഭക്ഷ്യ കമ്മീഷൻ പട്ടികവർഗ കോളനികളിൽ ഭാസുര എന്ന പേരിൽ ഗോത്രവർഗ വനിത ഭക്ഷ്യ ഭദ്രത കൂട്ടായ്മകൾ രൂപീകരിക്കുന്നു. ഗോത്രവർഗ മേഖലയിൽ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും ഭക്ഷണാവകാശങ്ങളെക്കുറിച്ചു ആദിവാസി ജനതയെ ബോധവത്കരിക്കുന്നതിനുമാണിത്. ആദ്യഘട്ടത്തിൽ ആലപ്പുഴ ഒഴികെ ജില്ലകളിൽ ദുർഘട പ്രദേശങ്ങളിലെ പട്ടികവർഗ കോളനികൾക്കു മുൻഗണന നൽകി 360 കൂട്ടായ്മകളാണ് രൂപീകരിക്കുന്നതെന്നു സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങളായ എം.വിജയലക്ഷ്മി, വി.രമേശൻ, അഡ്വ.പി.വസന്തം, ജില്ലാ സപ്ലൈ ഓഫീസർ പി.എ.സജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൂട്ടായ്മ രൂപീകരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് നൂൽപ്പുഴ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പട്ടികജാതിവർഗ വികസന മന്ത്രി കെ.രാധാകൃഷ്ണൻ ഓൺലൈനായി നിർവഹിക്കും. ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തും. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയാകും. ഭാസുര അവകാശ രേഖ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ കൈമാറും.
പൊതുവിതരണം, പൊതുവിദ്യാഭ്യാസം, വനിതശിശു വികസനം എന്നീ വകുപ്പുകൾ മുഖേന നടപ്പിലാക്കുന്ന ഭക്ഷ്യഭദ്രത പരിപാടികളുടെ ഗുണമേൻമയും അളവിലെ കൃത്യതയും സ്വയം നിരീക്ഷിക്കാൻ ഓരോ കൂട്ടായ്മയിലെയും അംഗങ്ങളെ ഭക്ഷ്യ കമ്മീഷൻ പ്രാപ്തരാക്കും. അംഗങ്ങൾ തെരഞ്ഞെടുക്കുന്ന കൺവീനറുടെ നേതൃത്വത്തിലായിരിക്കും ഓരോ കൂട്ടായ്മയുടെയും പ്രവർത്തനം. ഭക്ഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ കൺവീനർമാർ അതതു ജില്ലകളിലെ എ.ഡി.എമ്മിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണും. റേഷൻ വിഹിതം നിഷേധിക്കപ്പെടുന്നവർക്കു ഭക്ഷ്യഭദ്രത അലവൻസിന് അർഹതയുണ്ട്.