karapuzha

സുൽത്താൻ ബത്തേരി: ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിനുള്ള സാദ്ധ്യത തേടുകയാണ് സുൽത്താൻ ബത്തേരി മേഖല. ജില്ലയുടെ ടൂറിസം ഭൂപടത്തിൽ അൻപത് കിലോമീറ്റർ ചുറ്റളവിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ളത് ബത്തേരി മേഖലയിലാണ്. വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ഇവിടെ ടൂറിസം കോറിഡോർ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.
ടൂറിസം ഇടനാഴി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്‌ നേരത്തെ തന്നെ തീരുമാനം ഉണ്ടായിരുന്നു. ടൂറിസം മേഖലയുടെ വികസനത്തിന് പുത്തൻ പദ്ധതികൾ നടപ്പിലാക്കുന്ന കാര്യത്തിൽ വകുപ്പ് മന്ത്രി കാണിക്കുന്ന താത്പര്യം ടൂറിസം ഇടനാഴിയുടെ കാര്യത്തിൽ അനുകൂലമാകുമെന്നാണ് പ്രതീക്ഷ.
ജില്ലയ്ക്കായി സർക്കാർ പ്രഖ്യാപിച്ച 7000കോടി രൂപയുടെ പാക്കേജിൽ ടൂറിസം മേഖലയെക്കൂടി ഉൾപ്പെടുത്തണം. കാർഷിക-നാണ്യ വിളകൾക്ക് വിലയില്ലാതെ കർഷകർ വലയുന്ന സമയത്ത് ഇത്തരത്തിലുള്ള വിനോദ സഞ്ചാര പദ്ധതികൾ ജില്ലയുടെ സാമ്പത്തിക ഉന്നമനത്തിനും വഴിയൊരുക്കും.
മുത്തങ്ങ വന്യജീവി സങ്കേതം, കുപ്പാടി ടൗൺസ്‌ക്വയർ, മണിച്ചിറ ചിറ, തൊവരിമല എഴുത്തുപാറ, ഗോവിന്ദമൂല ചിറ, ലോകപ്രശസ്തമായ എടക്കൽ ഗുഹ, ഫാന്റം റോക്ക്, അമ്പലവയൽ ചരിത്രമ്യുസിയം, അമ്പലവയൽ ആർ.എ.ആർ.എസ്. ചീങ്ങേരിമല അഡ്വഞ്ചർ ടൂറിസം, ചീങ്ങേരി ട്രൈബൽഫാം, മഞ്ഞപ്പാറ, നെല്ലാറച്ചാൽ, കാരപ്പുഴ, കൊളഗപ്പാറ, ആറാട്ടുപാറതുടങ്ങിയ പ്രദേശങ്ങളെ കോർത്തിണക്കിയാണ് ബത്തേരിമേഖല കേന്ദ്രീകരിച്ചുള്ള ടൂറിസം ഇടനാഴി.

 എഴുത്തുപാറയ്ക്കുമുണ്ട്

പഴക്കമേറെ

നെന്മേനി പഞ്ചായത്തിലെ പാരിസൺ എസ്റ്റേറ്റിനോട്‌ചേർന്ന് കിടക്കുന്ന തൊവരിമല എഴുത്തുപാറ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇതുവരെ സ്ഥാനം പിടിച്ചിട്ടില്ല. എടക്കൽ ഗുഹയിലെ ശിലാലിഖിതങ്ങളുടെയും ശിലാ ചിത്രങ്ങളുടെയും പഴക്കമുള്ളതാണ് എഴുത്തുപാറയും. ഇത് വിനോദ സഞ്ചാരമേഖലയാക്കി ഉയർത്തുമെന്ന് 2009-ൽ അന്നത്തെ ടൂറിസം മന്ത്രി പ്രഖ്യാപിച്ചതാണ്. മണിച്ചിറയിലും ഗോവിന്ദമൂലചിറയിലും ബോട്ട്സവാരിയും മഞ്ഞപ്പാറ, ചീങ്ങേരിമല, ഫാന്റം റോക്ക്, ആറാട്ടുപാറ കൊളഗപ്പാറ എന്നിവയെ ബന്ധിപ്പിച്ച്‌ റോപ് ലൈനും കൊണ്ടുവന്നാൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങും. റവന്യൂ വകുപ്പിന് കീഴിൽ വരുന്ന ഈ മലകൾ തമ്മിൽ ആറ് കിലോമീറ്റർ ദൂരമേ ഉള്ളു.


 ചീങ്ങേരി മലയിൽ

സാഹസിക ടൂറിസം

ചീങ്ങേരി മലയിലെ അഡ്വഞ്ചർ ടൂറിസം സഞ്ചാരികളെ ആകർഷിക്കുന്നതാണ്. കാരാപ്പുഴയിൽ ബോട്ടിംഗ് സൗകര്യവുമുണ്ട്. നെല്ലാറച്ചാലിൽ നിർമ്മാണം പൂർത്തീകരിച്ച വിശ്രമ മന്ദിരം തുറന്നുകൊടുക്കണം. ഇവിടെ വയനാടൻ പരമ്പരാഗത ഭക്ഷണം ഉണ്ടാക്കി നൽകുന്നത് പ്രദേശിക ജനവിഭാഗങ്ങൾക്ക് വരുമാനമാർഗവുമാകും.

 സംസ്ഥാനത്തെ ഏറ്റവും വലിയ ഗസ്റ്റ്ഹൗസ്

സംസ്ഥാനത്തെ ഏറ്റവും വലിയ ഗസ്റ്റ് ഹൗസാണ് സുൽത്താൻ ബത്തേരിയിലേത്. പ്രവൃത്തികൾ പൂർത്തിയാക്കി തുറന്ന് കൊടുത്താൽ വിദേശികളുൾപ്പെടെയുള്ള സഞ്ചാരികൾക്ക് ഗുണകരമാകും. കർണാടക,തമിഴ്നാട് എന്നി സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ഏക താലൂക്ക് ആസ്ഥാനമാണ് സുൽത്താൻ ബത്തേരി .

 ഹെലിപ്പാഡ് നവീകരണം
സുൽത്താൻ ബത്തേരി സെന്റ്‌ മേരീസ്‌കോളേജ് ഗ്രൗണ്ടിനോട്‌ ചേർന്ന ഹെലിപ്പാഡ് നവീകരിക്കണം. ഇതര സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ഹെലികോപ്റ്റർ സർവിസ് ആരംഭിക്കണം. ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ബസ് സർവീസുകളും ആരംഭിക്കണം.