മാനന്തവാടി: മാനന്തവാടി നഗരസഭയിൽ പിഎംഎവൈ ഭവന പദ്ധതി പ്രകാരം വിടിന്റെ പണി പൂർത്തീകരിച്ച ഗുണഭോക്താക്കൾക്ക് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നൽകാനുള്ള കൂലി മാസങ്ങൾ കഴിഞ്ഞിട്ടും കൊടുക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. പുതിയ ഭരണസമിതി വന്ന് ഇതുവരെയായിട്ടും തുക നൽകാൻ തയ്യാറായിട്ടില്ലെന്നും ഈ കാലയളവിൽ ഒരു കോടി രൂപ രണ്ട് തവണകളിലായി സർക്കാരിൽ നിന്ന് ലഭിച്ചതാണെന്നും കൗൺസിലർമാർ പറഞ്ഞു. നിരന്തരം ഭരണസമിതി യോഗത്തിൽ ആവശ്യപ്പെടുകയും കത്ത് നൽകുകയും ചെയ്തതാണ്. 1501 ഗുണഭോക്താക്കളിൽ 360 പേർക്ക് കഴിഞ്ഞ ഭരണസമിതിയുടെ കാലയത്ത് 28 തൊഴിൽ ദിനങ്ങളുടെ കൂലി നൽകിയതാണ്. ബാക്കിയുള്ള 1141 പേരുടെ മസ്റ്ററോൾ സ്വീകരിച്ച് ഒരു വർഷമാകാനായെങ്കിലും കൂലിനൽകാനുള്ള ശ്രമം ഉണ്ടാകുന്നില്ല. ഉടനെ തീരുമാനമായില്ലെങ്കിൽ ഗുണഭോക്താക്കളെ സംഘടിപ്പിച്ച് സമരത്തിലേക്ക് നീങ്ങാനും എൽ.ഡി.എഫ് തീരുമാനിച്ചു.