prasanth
പി.ജി പ്രശാന്ത്

കൽപ്പറ്റ: വീട്ടുവളപ്പിൽ കഞ്ചാവു ചെടി നട്ടു വളർത്തിയ കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതി പിടിയിൽ. ഗൂഢലായ് പറമ്പത്ത് പി.ജി.പ്രശാന്ത് (37) നെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡോ:അർവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വി.രജികുമാറിന്റെ നിർദ്ദേശാനുസരണം ലഹരി വിരുദ്ധ സേനാംഗങ്ങളും, കൽപ്പറ്റ എസ്.ഐ കെ.എ ഷറഫുദ്ദീനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കൽപ്പറ്റ ഗൂഢലായി കുറുക്കൻമൂലയിലെ വീട്ടു പരിസരത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട പ്രതി ഒളിവിലായിരുന്നു. ഇന്നലെ രാവിലെ കൽപ്പറ്റ ടൗണിൽ വെച്ച് കൽപ്പറ്റ അഡീഷണൽ എസ്.ഐ ടി ഖാസിമും സംഘവുമാണ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്റ് ചെയ്തു. വീടിന്റെ ബാത്ത്റൂമിനോടു ചേർന്ന് പച്ച നെറ്റ് മറച്ചു കെട്ടി പരിപാലിച്ചനിലയിൽ 150 സെന്റീമീറ്റർ ഉയരമുള്ളതായിരുന്നു കഞ്ചാവു ചെടി.