പനമരം: സിനിമാ സ്റ്റൈലിൽ എക്‌സൈസിന്റെ കഞ്ചാവ് വേട്ട. ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വയനാട് എക്‌സൈസ് ഇന്റലിജന്റ് സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസി. എക്‌സൈസ് കമ്മീഷണർ പി.എം മജു, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ വി.ആർ ബാബുരാജ്, അനിൽ കുമാർ എന്നിവരടങ്ങുന്ന സംഘം ഇന്നലെ പുലർച്ചെ പനമരം പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് കെ എൽ 58 വൈ 9551 സ്വിഫ്റ്റ് കാറിൽ കടത്തിയ ആറ് കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ പാനൂർ കല്ലങ്കണ്ടി സ്വദേശി പൊൻകളത്തിൽ അഷ്‌ക്കറിനെ (29) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
പനമരം ആര്യന്നൂർ നടയിൽ വാഹനം തടഞ്ഞുനിർത്തി സാഹസികമായാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ എക്‌സൈസ് സംഘം സഞ്ചരിച്ച കാറിനും ബൈക്കിനും കേടുപാടുകൾ പറ്റി.
കണ്ണൂരിൽ നിന്ന് വയനാട്ടിലെക്ക് വിതരണത്തിന് കൊണ്ട് വന്നതാണ് കഞ്ചാവ്. നിരവധി തവണകളായി ഈ സ്വിഫ്റ്റ് കാറിൽ വയനാട്ടിലേക്ക് കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം വലവിരിച്ച് കാത്തിരിക്കുകയായിരുന്നു.
കണ്ണൂർ വയനാട് അതിർത്തിയായ പേരിയയിലൂടെ രാത്രി 3.45 ഓടെ കാർ കടന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മൂന്നിടങ്ങളിലായ് കാത്തിരുന്ന അന്വേഷണ സംഘം പരിശോധന ശക്തമാക്കി.
സംശയം തോന്നിയ പ്രതി പനമരം പാലത്തിന് സമീപത്ത് നിന്ന് തിരിച്ച് പോരുന്നതിനിടെ കാറുകളും ബൈക്കുമായി എക്‌സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. വയനാട്ടിലെ റിസോർട്ടുകളിൽ ഇയാൾ കഞ്ചാവ് എത്തിക്കാറുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എം.സി സനൂപ്, പി.പി ജിതിൻ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.