കൽപ്പറ്റ:പ്ലസ് വൺ പ്രവേശനത്തിന് ആശങ്കവേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോഴും വയനാട്ടിലെ കുട്ടികൾ സീറ്റ് ഉറപ്പിക്കാൻ ഒാട്ടം തുടരുകയാണ്. ഇനിയാകെ പ്രതീക്ഷ സപ്ളിമെന്ററി അലോട്ട്മെന്റിൽ മാത്രം. അതും അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം കിട്ടണമെങ്കിൽ സീറ്റ് വർദ്ധിപ്പിക്കണം. മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം ലഭിച്ചാലും 2294 വിദ്യാർത്ഥികൾ നിലവിലെ സ്ഥിതിയിൽ പുറത്ത് നിൽക്കേണ്ടി വരും. വി.എച്ച്.എസ്.ഇ, പോളിടെക്നിക്ക്,ഐ.ടി.ഐ സ്ഥാപനങ്ങളിലേക്ക് കുറെ കുട്ടികൾ പോകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. എന്നാൽ എത്രമാത്രം ഉണ്ടാവുമെന്ന് പറയാൻ കഴിയില്ല. വയനാട് ജില്ലയിൽ വി.എച്ച്.എസ്.ഇക്ക് 750 സീറ്റാണുളളത്. കുറഞ്ഞത് ആയിരം സീറ്റെങ്കിലും കൂട്ടാതെ വിദ്യാർത്ഥികളുടെ ആശങ്ക ഒഴിയില്ല. നിലവിൽ ഇഷ്ട വിഷയത്തിലൊന്നുമല്ല പലർക്കും പ്രവേശനം ലഭിച്ചിരിക്കുന്നത്. വീടിന് സമീപത്തെ വിദ്യാലയം പ്രതീക്ഷിച്ചവർക്ക് ഒന്നും രണ്ടും അലോട്ട്മെന്റിൽ അതും തരപ്പെട്ടില്ല. ഉയർന്ന മാർക്കുണ്ടായിട്ടും ദൂര സ്ഥലങ്ങളിലാണ് പലർക്കും സീറ്റ് ലഭിച്ചത്. അതും ഇഷ്ട വിഷയത്തിലല്ല. കഴിഞ്ഞ വർഷത്തേക്കാൾ 1659 വിദ്യാർത്ഥികളാണ് മുഴുവൻ വിഷയത്തിലും എ പ്ളസ് നേടിയത്. എന്നാൽ ആവശ്യമായ പഠന സൗകര്യം ഒരുങ്ങിയിട്ടില്ല.
സർക്കാർ അലോട്ട്മെന്റിൽ നിന്ന് പുറത്തായാൽ മാനേജ്മെന്റ് സീറ്റായിരിക്കും ഏക ആശ്രയം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ അത് വലിയ പ്രതിസന്ധിയിലാക്കും. രണ്ടാംഘട്ട അലോട്ട്മെന്റ് ഏതാനും ദിവസങ്ങൾ കൂടിയുണ്ട്. ഉയർന്ന മാർക്ക് നേടിയിട്ടും സീറ്റ് കിട്ടാതെ അലയുന്നവരിൽ സി.ബി.എസ്.ഇ വിദ്യാർത്ഥികളുമുണ്ട്. 95ശതമാനം മാർക്കുളള വിദ്യാർത്ഥികൾക്കും ഇഷ്ട വിദ്യാലയങ്ങളിൽ ഇടം കിട്ടിയിട്ടില്ല. രണ്ടാംഘട്ട അലോട്ട്മെന്റ് പൂർത്തിയായാൽ കുട്ടികൾക്ക് അപേക്ഷ പുതുക്കി നൽകാൻ അവസരം നൽകുമെന്നാണ് അറിയുന്നത്. എന്നാൽ അതിനായി ഒാരോ സ്കൂളിലെയും ഒഴിവുകൾ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിക്കണം. സി.ബി.എസ്.ഇ ഒഴികെ 62 ഹയർ സെക്കൻഡറി സ്കൂളുകളാണ് വയനാട് ജില്ലയിലുളളത്. 39 സർക്കാർ സ്കൂളുകളും 19 എയ്ഡഡും 4 അഡ എയ്ഡഡും.
#ഹയർസെക്കൻഡറി സ്കൂളുകൾ
സർക്കാർ 39
എയ്ഡഡ് 19
അൺ എയ്ഡഡ് 4
# ആകെ സീറ്റ് 10,121
അപേക്ഷിച്ചത് 12,415
പ്രവേശനം ലഭിച്ചത് 8052
# നിലവിൽ സീറ്റുകളുടെ എണ്ണം
മെറിറ്റ് 8052
മാനേജ്മെന്റ് 615
കമ്മ്യൂണിറ്റ് ക്വാട്ട 540
അൺ എയ്ഡഡ് 756
റസിഡൻഷ്യൽ എസ്.ടി 158
#
എസ്.എസ്. എൽ.സി പരീക്ഷ എഴുതിയത് 11,737
വിജയിച്ചവർ 11,518
എല്ലാ വിഷയത്തിലും എ പ്ളസ് നേടിയവർ 2566
വിജയ ശതമാനം 98.13 ശതമാനം