മേപ്പാടി:മേപ്പാടി ഗ്രാമപഞ്ചായത്തിലെ ജി.യു.പി.എസ് എരുമകൊല്ലിക്ക് സ്ഥലവും പുതിയ കെട്ടിടവും യാഥാർത്ഥ്യമാക്കുമെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എൽ.എ അറിയിച്ചു.വനത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് ജി.യു.പി.എസ് എരുമകൊല്ലി. ചെമ്പ്ര മലയുടെ താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളാണ് ഇവിടുത്തെ തോട്ടം തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് ഏക ആശ്രയം. എന്നാൽ ഉരുൾപൊട്ടൽ ഭീക്ഷണിയും, രൂക്ഷമായ വന്യമൃഗശല്യവും കാരണം ഈ സ്ഥലത്ത് സ്‌കൂൾ തുടർന്ന് പ്രർത്തിക്കാനാവില്ല. വന്യമൃഗശല്യം കൊണ്ട് ഇവിടെയുള്ള ആളുകളിൽ പകുതിയും മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറിതുടങ്ങി.അതിനാൽ സ്‌കൂളിൽ കുട്ടികളുടെ എണ്ണവും കുറഞ്ഞു. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുക്കുകയും കമ്മീഷൻ നേരിട്ട് സ്‌കൂൾ സന്ദർശിച്ച് സ്‌കൂൾ ഇവിടെനിന്ന് മാറ്റുന്നതിനുള്ള ഉത്തരവ് വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കൈമാറുകയും ചെയ്തു. ഇതനുസരിച്ച് ഡി.ഡി, ഡി.ഇ.ഒ, എ.ഇ.ഒ എന്നിവർ സ്‌കൂൾ സന്ദർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സ്‌കൂൾ മാറ്റണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അഡ്വ.ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാജു ഹെജമാഡി, രാധ രാമസ്വാമി, പ്രധാനദ്ധ്യാപിക അനീഷ ബി.എസ്, പി.ടി.എ പ്രസിഡന്റ് സിറാജ്, ബി. സുരേഷ്ബാബു, കെ.ടി ഷരീഫ്, പി.വി ജോസ്, ചന്ദ്രൻ.കെ, സുനിൽകുമാർ, മുഹമ്മദലി ഷിഹാബ് എന്നിവർ സംസാരിച്ചു.