ulli
ഉള്ളി

സുൽത്താൻ ബത്തേരി: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ സവാളയുടെ വില ഇരട്ടിയായി. മാർക്കറ്റിൽ 25 രൂപയുണ്ടായിരുന്ന വലിയ ഉള്ളിക്കാണ് ഒറ്റയടിക്ക് 50 രൂപയായി വർദ്ധിച്ചത്. ഉൽപ്പാദനകേന്ദ്രങ്ങളിലെ കൃഷിനാശമാണ് വില വർദ്ധിക്കാൻ കാരണം.
പൂനെയിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ഉളളി എത്തുന്നത്. കനത്ത മഴയെ തുടർന്ന് ഉളളി നശിച്ചതോടെയാണ് വിലവർദ്ധിച്ചത്. പൂനെ മാർക്കറ്റിൽ കിലോക്ക് 29 രൂപ തോതിലാണ് വില. അവിടുത്തെ സർക്കാർ ഉള്ളി വിൽപ്പന നടത്തുന്ന കടകൾക്ക് നികുതിയും ഏർപ്പെടുത്തി. ഒരു ലോറി ഉള്ളി കടയിൽ നിന്ന് പുറത്തേക്ക്‌ പോകുമ്പോൾ നിശ്ചിത ശതമാനം നികുതി നൽകണം. ചെറിയ വാഹനങ്ങൾക്ക് നികുതി വേണ്ട. ഇതും വിലവർദ്ധനവിന് കാരണമായി.
സവാളയ്ക്ക് പുറമെ മിക്ക പച്ചക്കറികളുടെയും വില ഉയർന്നു. തക്കാളി വില ഇരട്ടിയായി. 20 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില ഒരാഴ്ചകൊണ്ട് നാൽപ്പതിലെത്തി.

ദസറ പ്രമാണിച്ചുണ്ടായ വില വർദ്ധനവാണെന്നാണ് വ്യാപാരികൾ പറയുന്നത്. കർണാടകയിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലും തക്കാളി എത്തുന്നത്. ദസറ കഴിയുന്നതോടെ കർണാടകയിൽ തക്കാളിക്ക് വില കുറയുമെന്ന് കച്ചവടക്കാർ പറയുന്നു.
മുരിങ്ങ, ബീൻസ്, കാരറ്റ്, പയർ തുടങ്ങിയവയ്ക്കും വില കൂടി. പത്ത് രൂപ മുതൽ ഇരുപത് രൂപ വരെ കിലോയിൽ വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വ്രതാനുഷ്ഠാനങ്ങളുടെ മാസം തുടങ്ങുന്നതോടെ പച്ചക്കറി ഉപയോഗം വർദ്ധിക്കുമെന്നതിനാൽ ഇനിയും വിലകൂടാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.