സുൽത്താൻ ബത്തേരി: സ്വയം സന്നദ്ധ പുനരധിവാസം പദ്ധതി പ്രകാരം പതിറ്റാണ്ടുകളായി അധിവസിച്ചുവരുന്ന ഭൂമി ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തെക്ക് പറിച്ച് നടീലിന് ഇനി താത്പര്യമില്ലെന്നും ആത്മാവിനെ ഉപേക്ഷിച്ച് വനഗ്രാമത്തിൽ നിന്ന് പുറത്ത് പോകാൻ തയ്യാറല്ലെന്നും കുറിച്ച്യാട് നിവാസികൾ. അതെ സമയം പുനരധിവസിപ്പിക്കാത്തതുകൊണ്ട് തങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും നഷ്‌പെടുന്നതായി നൂൽപ്പുഴ പങ്കളത്തെ ഗോത്രകുടുംബം.
വയനാട് വന്യ ജീവി സങ്കേതത്തിൽ നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസം പദ്ധതി പ്രകാരം മാറ്റിപാർപ്പിക്കുന്നവരുടെ ഗണത്തിൽപ്പെട്ട കുറിച്ച്യാട് നിവാസികളാണ് ഇനിയൊരു പറിച്ചു നടീലിനെ എതിർക്കുന്നത്. പതിറ്റാണ്ടുകളായി കഴിഞ്ഞുവന്ന ഈ ഭൂമിയിലാണ് തങ്ങളുടെ അച്ഛനപ്പൂപ്പന്മാരുടെ ആത്മാവ് കുടികൊള്ളുന്നത്. കാടുമായി ബന്ധപ്പെട്ടാണ് തങ്ങളുടെ ജീവിതം. നാട്ടിൻപുറത്തേക്കുള്ള ഒരു പറിച്ച് നടീൽ ഗോത്രത്തിന്രെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുമെന്നാണ് ഈ ജനത പറയുന്നത്.
കുറിച്ച്യാട് വനഗ്രാമത്തിൽ 25 വീടുകളിലായി 32 കുടുംബങ്ങളാണ് താമസിക്കുന്നത്. കുട്ടികളടക്കം 110 പേരാണ് ഉള്ളത്. ഇവരെ മാറ്റിപാർപ്പിക്കുന്നതിനായി പണയമ്പത്ത് സ്ഥലം കണ്ടെത്തിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല. അതിനിടെയാണ് പുനരധിവാസ പദ്ധതി പ്രകാരം ഒരു പറിച്ചുനടീലിനോട് താത്പ്പര്യമില്ലന്ന് ഗോത്ര ജനത വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഉൽപ്പെട്ടതിനാൽ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നും എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പങ്കളം വനഗ്രാമത്തിലെ ഗോത്രജനത.നാല് കുടുംബങ്ങളാണ് വനഗ്രാമത്തിൽ കഴിയുന്നത്. പുനരധിവാസ പദ്ധതിയിൽപ്പെട്ടതോടെ വീടും വൈദ്യുതിയുമെല്ലാം നിഷേധിച്ചു. മുളകൊണ്ട് മറച്ച് വൈക്കോൽമേഞ്ഞ ചോർന്നൊലിക്കുന്ന വീടുകളിലാണ് താമസം. ഒട്ടും സുരക്ഷിതമല്ലാത്ത വീടുകൾ. ഇവിടെ നിന്ന് എത്രയുംപെട്ടന്ന് പുനരധിവസിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വയനാട് വന്യ ജീവി സങ്കേതത്തിനുള്ളിലെ വനഗ്രാമങ്ങളിൽ കഴിയുന്ന എല്ലാ വിഭാഗം ആളുകളെയും പുറത്തെത്തിച്ച് മാറ്റിപാർപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് വനഗ്രാമങ്ങളിൽ കഴിഞ്ഞിരുന്ന 800 കുടുംബങ്ങളിൽ 600 കുടുംബങ്ങളെ ആദ്യപടിയായി മാറ്റിപാർപ്പിച്ചത്. ബാക്കിയുള്ള കുടുംബങ്ങളെ മാറ്റുന്ന നടപടി തുടർന്നു വരുന്നതെയുള്ളു.
വനഗ്രാമങ്ങളിൽ കഴിയുന്ന ജനറൽ വിഭാഗത്തിലെ ആളുകൾ മിക്കവർക്കും കൂടുതൽ സ്ഥലമുള്ളവരാണ്. അർഹമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കിൽ മാറി താമസിക്കാൻ തയ്യാറല്ലെന്നാണ് ഈ വിഭാഗം പറയുന്നത്.