തോണിച്ചാൽ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബൊമ്മക്കൊലു ഒരുക്കി തമിഴ് ബ്രാഹ്മണ കുടുംബങ്ങൾ. എടവക പയിങ്ങാട്ടിരി ഗ്രാമത്തിലാണ് ആഘോഷങ്ങളുടെ ഭാഗമായി സമുഹ ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ ബ്രാഹ്മണർക്കൊപ്പം പറിച്ച് നടപ്പെട്ട സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളിൽ ഒന്നാണ് ബൊമ്മക്കൊലു വെക്കൽ. കന്നിമാസം കറുത്തവാവ് കഴിഞ്ഞുള്ള പ്രഥമ തിഥിയ്ക്കാണ് കൊലു വെയ്ക്കുക. വ്രതാനുഷ്ടാനങ്ങളോടെ സുമംഗലികളായ സ്ത്രീകളും ചേർന്ന് 9 കോലുപടികളിൽ പട്ട് വിരിച്ച് മേൽക്കട്ടിക്കെട്ടി കമനീയമായി വിതാനിച്ച് ദീപങ്ങളാലും മറ്റും അലങ്കരിക്കും. മരപ്പാച്ച എന്ന് വിളിക്കുന്ന സ്ത്രി, പുരുഷ ബൊമ്മകളാണ് പ്രധാനമായും പടികളിൽ സ്ഥാപിക്കുന്നത്. ആദ്യ പടിയിൽ കുഭവും മറ്റ് പടികളിൽ ഗണപതി, ശിവൻ, മുരുകൻ, മഹാലക്ഷ്മി മഹിഷാസുര മർദ്ദിനി, അഷ്ടലക്ഷ്മി, ദശാവതാരം എന്നിവയും ഉണ്ടാകും. ബൊമ്മക്കൊലുവിന് മുന്നിലിരുന്ന് സ്ത്രീകൾ ദേവീ സ്തുതികൾ ആലപിക്കുന്നതിന് പുറമെ, ലളിത സഹസ്രനാമം, സംഗീതാരാധന എന്നിവയും നടത്തും. വിജയദശമി ദിവസം കൊലുവിലെ ബൊമ്മകളെ കിടത്തി വെക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കും. മഹിഷാസുരനെ നിഗ്രഹിക്കാൻ പാർവതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകൾ ചേർന്ന് ദുർഗാദേവിയായി രൂപം പൂണ്ട് 9 ദിവസം വ്രതം അനുഷ്ടിച്ച് ആയുധ പൂജയിലൂടെ ശക്തിയാർജ്ജിച്ചുവെന്നതാണ് നവരാത്രിയുടെ പ്രധാന ഐതിഹ്യം.