തിരുനെല്ലി: തിരുനെല്ലി തെറ്റ് റോഡിന് സമീപം ലോറിയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം. മാനന്തവാടി ഭാഗത്ത് നിന്നും ഹൈദരാബാദിലേക്ക് കടപ്പയെടുക്കാനായി പോകുകയായിരുന്ന ലോറിയാണ് ഇന്നലെ രാവിലെ 9 മണിയോടെ കാട്ടാന ആക്രമിച്ചത്. ലോറി ഡ്രൈവർ കാട്ടിക്കുളം സ്വദേശി സുമേഷ്, സഹഡ്രൈവർ മാനന്തവാടി സ്വദേശി സന്തോഷ് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയുടെ മുൻഭാഗത്ത് കാര്യമായ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. റോഡരികിലായിരുന്ന കാട്ടാനയെ വനപാലകർ തുരത്താൻ ശ്രമിച്ചപ്പോൾ വാഹനത്തിന് നേരെ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. തെറ്റ് റോഡിന് സമീപത്തായി ആനയെ കണ്ടതോടെ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയായിരുന്നു. ആന ഓടിയെത്തിയപ്പോൾ കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഓടിച്ച് മാറ്റിയെങ്കിലും വലിയ വാഹനമായതിനാൽ ലോറി തിരിക്കാൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ തിരുനെല്ലി പൊലീസ് സ്‌റ്റേഷന് സമീപവും കാട്ടാന കാർ തകർത്തിരുന്നു.