*വയനാട് മെഡിക്കൽ കോളേജ്


തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥി പ്രവേശനവും മെഡിക്കൽ കോളേജ് ക്യാംപസ് നിർമാണവും വേഗത്തിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് മാനന്തവാടി എംഎൽഎ ഒ.ആർ.കേളു നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ജില്ലാ ആശുപത്രി താൽക്കാലികമായി മെഡിക്കൽ കോളേജ് ആശുപത്രിയാക്കി മാറ്റുകയും പുതുതായി നിർമ്മിച്ച മൂന്ന് നില കെട്ടിടം അദ്ധ്യയന ആവശ്യങ്ങൾക്ക് വിട്ടുനൽകുകയും ചെയ്തിട്ടുണ്ട്.115 അദ്ധ്യാപക തസ്തികകളും 25 അനദ്ധ്യാപക തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.

സംസ്ഥാന ബഡ്ജറ്റിൽ വയനാട് മെഡിക്കൽ കോളേജിനായി 300 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. പുതിയതായി സൃഷ്ടിച്ച തസ്തികകളിലേക്ക് നിയമനം ആരംഭിക്കുകയും പ്രിൻസിപ്പലിനെ നിയമിക്കുകയും മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്. അനുവദിച്ച 55 അദ്ധ്യാപക തസ്തികകളിൽ 3 പ്രൊഫസർ തസ്തികകളിലേക്കും 5 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകയിലേക്കും നിയമനം നടത്തിയിട്ടുണ്ട്. മറ്റ് തസ്തികകളിലേക്കും നിയമനത്തിന് നടപടികൾ കൈകൊണ്ട് വരുന്നതായി മന്ത്രി പറഞ്ഞു. അനദ്ധ്യാപക തസ്തികകളിൽ 13 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.

2022-23 അദ്ധ്യയന വർഷത്തിൽ 100 എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിനായി അഫിലിയേഷനുവേണ്ടി കേരള ആരോഗ്യ സർവ്വകലാശാലയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.
ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുടക്കം കൂടാതെ നടത്തുന്നതിന് ആശുപത്രി വികസന സമിതി രൂപീകരിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്.
നിലവിലുള്ള കെട്ടിടത്തിൽ അദ്ധ്യയനം ആരംഭിക്കുന്നതിന് ആവശ്യമായ രൂപമാറ്റം വരുത്തുന്നതിനും, ലാബ് ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനും വിവിധ ഡിപ്പാർമെന്റുകൾ രൂപീകരിക്കുന്നതിനുമായിട്ട് 13 കോടി രൂപയുടെ പ്രൊപോസൽ പരിശോധിച്ചു വരുന്നു.
ആരോഗ്യ സർവ്വകലാശാല ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിച്ച്, 2023-24 അദ്ധ്യയന വർഷത്തിൽ അദ്ധ്യയനം ആരംഭിക്കുന്നതിന് യൂണിവേഴ്സിറ്റി അംഗീകാരം ലഭ്യമാക്കുന്നതിനും മികച്ച ചികിൽസ ലഭ്യമാക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.