road
മാനന്തവാടി കൊയിലേരി കൈതയ്ക്കൽ റോഡ്

മാനന്തവാടി: മൂന്നുവർഷം പൂർത്തിയായിട്ടും മൂന്നു തവണ കാലാവധി നീട്ടിക്കൊടുത്തിട്ടും പാതിപോലും പൂർത്തീകരിക്കപ്പെടാത്ത മാനന്തവാടി കൊയിലേരി കൈതയ്ക്കൽ റോഡുപണി വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. താന്നിക്കൽ നിവാസികളും റിട്ടയേർഡ് അദ്ധ്യാപക ദമ്പതിമാരുമായ കുടക്കച്ചിറ ബാബു ഫിലിപ്പ്, ആലീസ് എന്നിവരാണ് ക്ഷമ കെട്ട് കമ്മീഷന് പരാതി നൽകിയത്. തങ്ങളുടെ വീട്ടിലേക്കുള്ള പ്രവേശനം റോഡു പണി കാരണം മാസങ്ങളോളം തടസ്സപ്പെട്ടപ്പോൾ കഴിഞ്ഞ ജൂലായ് 29 ന് ഓൺലൈനായി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.

ഈ മാസം 26ന് വയനാട് കളക്ട്‌റേറ്റ് കോൺഫറൻസ് ഹാളിൽ ആവശ്യമായ വിശദാംശങ്ങളുമായി കമ്മീഷന് മുമ്പിൽ ഹാജരാകുവാൻ പരാതിക്കാരോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്കും കുടുംബത്തിനും വേണ്ടിയല്ല റോഡിനെ ആശ്രയിക്കുന്ന മുഴുവൻ പേർക്കും വേണ്ടിയാണ് ഇൗ നിയമ യുദ്ധമെന്ന് ഇരുവരും പറഞ്ഞു. റോഡ് നവീകരണ പ്രവർത്തി ആരംഭിച്ചതു മുതൽ സ്ഥലം വിട്ടുകൊടുത്തും മതിലും മരങ്ങളും നീക്കം ചെയ്തും സഹകരിച്ചിട്ടും സ്വന്തം വീടുകളിലേക്കുള്ള പ്രവേശനം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ആദിവാസികൾ അടക്കമുള്ള മുഴുവൻ നാട്ടുകാരും പരാതിയുമായി രംഗത്ത് വന്നിട്ടും റോഡ് പണി പൂർത്തീകരിക്കാൻ യാതൊന്നും ചെയ്തില്ല. റോഡിന് ഇരുവശത്തുമുളള വീടുകൾ പോലും റോഡ് പണിയുടെ പേരിൽ നശിച്ച് തുടങ്ങി. റോഡ് ഉയർത്തിയതോടെ നൂറ് കണക്കിന് വീടുകളും കടകളും കുഴിയിലായി. എന്നിട്ടും റോഡ് പണി പൂർത്തിയായില്ല. പരാതി നൽകിയ അദ്ധ്യാപക ദമ്പതികൾക്ക് പിന്തുണയുമായി ജനങ്ങളും എത്തിയിട്ടുണ്ട്.