കൽപ്പറ്റ: ബത്തേരി ആസ്ഥാനമായ വയനാട് ജില്ലാ ലോട്ടറി തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി ഓഡിറ്റിൽ കണ്ടെത്തി. പ്രാഥമിക പരിശോധനയിൽ 22,88,589 രൂപയുടെ ക്രമക്കേടാണ് വ്യക്തമായത്. കുറ്റക്കാരനെന്ന് പ്രഥമദൃഷ്ട്യാ കണ്ട സംഘം സെക്രട്ടറി പി.വി.അജിത്തിനെ ഭരണസമിതി സസ്‌പെന്റ് ചെയ്തു.
എന്നാൽ പണം തിരിമറിയുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നിയമം 65 പ്രകാരം ആഗസ്റ്റിൽ തന്നെ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവായെങ്കിലും മാസങ്ങളായിട്ടും അന്വേഷണ നടപടികൾ ഒന്നും മുന്നോട്ട് പോയിട്ടില്ല. സഹകരണ സംഘം സെക്രട്ടറിയെ ബലിയാടാക്കി തട്ടിപ്പിൽ പങ്കാളികളായവർ രക്ഷപ്പെടാൻ ശ്രമം നടത്തുന്നതായി ആരോപണം ഉയർന്നു. സംഘം മൊത്തമായി ലോട്ടറി വാങ്ങി സ്വകാര്യ ഏജൻസികൾക്ക് കണക്കിൽ ചേർക്കാതെ മറിച്ച് വിറ്റതായും ലോട്ടറി കമ്മീഷനായി സംഘത്തിന് ലഭിച്ച തുകയിൽ ക്രമക്കേട് നടത്തിയതായും ഓഡിറ്റർമാരുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സഹകരണ രംഗത്ത് പരിചയ സമ്പന്നരായവർ നേതൃത്വം നൽകുന്ന ഭരണസമിതിയിൽ സെക്രട്ടറി മാത്രം ഇത്തരത്തിൽ ഒരു തട്ടിപ്പ് നടത്തി എന്നത് അവിശ്വസനീയമാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.
സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ.ജയപ്രകാശ് പ്രസിഡന്റായ സംഘത്തിലാണ് ലക്ഷങ്ങളുടെ തിരിമറി നടന്നിട്ടുള്ളത്.