കല്ലോടി: പ്ലാസ്റ്റിക് മാലിന്യം കത്തിച്ച വ്യാപാര സ്ഥാപനത്തിൽ നിന്ന് പഞ്ചായത്ത് അധികൃതർ 5000 രൂപ പിഴ ഈടാക്കി. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കല്ലോടി ടൗണിലെ സ്ഥാപനത്തിൽ പരിശോധന നടത്തിയത്.
പൊതുസ്ഥലത്തോ സ്വകാര്യ സ്ഥലത്തോ മാലിന്യം കത്തിച്ചാൽ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ 5000 രൂപ മുതൽ 25000 രൂപ വരെ പിഴ ഈടാക്കാം. ഇന്ത്യൻ ശിക്ഷാനിയമം 268, 269, 278, കേരള പൊലീസ് ആക്ട് 120 ഇ വകുപ്പുകൾ പ്രകാരവും നടപടിയെടുക്കാം.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എടവക ഗ്രാമപഞ്ചായത്ത് സമ്പൂർണ ഹരിത പഞ്ചായത്ത് പ്രഖ്യാപനം നടത്തിയിരുന്നു. പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ഹരിതകർമസേന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ ശേഖരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹരിതകർമസേനയ്‌ക്കൊപ്പം വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. ഇത്തരം നിയമലംഘനങ്ങൾ തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.