കൽപ്പറ്റ: നവരാത്രി ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് വിജയദശമി ദിനമായ ഇന്നലെ നിരവധി കുരുന്നുകൾ ആദ്യാക്ഷരം നുകർന്നു. ക്ഷേത്രങ്ങളിലായിരുന്നു മുഖ്യമായും വിദ്യാരംഭ ചടങ്ങുകൾ. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.കൊവിഡ് ഭീതി നിലനിക്കുന്നതിനാൽ മിക്ക ക്ഷേത്രങ്ങളിലും മാതാപിതാക്കൾ തന്നെയാണ് ആദ്യക്ഷരം കുറിച്ച് നൽകിയത്.
ഒരു ഇടവേളയ്ക്ക് ശേഷം ക്ഷേത്രങ്ങളിലെല്ലാം വലിയ ഭക്തജന തിരക്കാണ് ഉണ്ടായത്. മാനന്തവാടി വളളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിന് മേൽശാന്തി കുഞ്ഞിക്കല്ല് വരശ്ശോലഇല്ലം ശ്രീജേഷ് നമ്പൂതിരി കാർമ്മികത്വം വഹിച്ചു. മാനന്തവാടി അമൃതപുരി മാതാ അമൃതാനന്ദമയി ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിൽ സ്വാമി അക്ഷയാമൃതാനന്ദ പുരി കാർമ്മീകത്വം വഹിച്ചു. ജില്ലയിലെ ഏക നവഗ്രഹക്ഷേത്രമായ മാനന്തവാടി എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രത്തിലെ എഴുത്തിനിരുത്ത് ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി അരുൺ ശർമ്മയും എടവക പള്ളിയറ ക്ഷേത്രത്തിൽ സുധി സ്വാമിയും നേതൃത്വം നൽകി.തോണിച്ചാൽ മലക്കാരി ശിവക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ നവരാത്രി ആഘോഷിച്ചു. ക്ഷേത്രത്തിൽ ഗ്രന്ഥംവെപ്പ്, ആയുധപൂജ, വാഹനപൂജ ,എഴുത്തിനിരുത്തൽ, പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകൾ നടന്നു. ക്ഷേത്രം മേൽശാന്തി ശരവണൻ സ്വാമി കുട്ടികളെ എഴുത്തിനിരുത്തി.
മാനന്തവാടി വാടേരി ശിവ ക്ഷേത്രത്തിൽ വിജയദശമി ആഘോഷത്തോടനുബന്ധിച്ച് പൂജകളും, വിദ്യരംഭവും നടന്നു. മേൽശാന്തി പുറഞ്ചേരി ഇല്ലം പ്രകാശൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രം പ്രസിഡന്റ് വി.എം.ശ്രീവത്സൻ, സെക്രട്ടറി സി.കെ.ശ്രീധരൻ, സുരേന്ദ്രൻ വി.ആർ.മണി, ഉണ്ണികൃഷ്ണൻ, പ്രദീപൻ, ഹരീഷ്, ഭാസ്‌ക്കരൻ നമ്പ്യാർ, ഗോപി, മാതൃസംഘം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
മാനന്തവാടി പെരുവക മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ ഗ്രന്ഥ പൂജ,ആയുധ പൂജ,വാഹന പൂജ, വിദ്യാരംഭം എന്നിവ നടന്നു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ഹരിദാസൻ ആദ്യാക്ഷരം കുറിച്ച് കൊടുത്തു.