മാനന്തവാടി: മാനന്തവാടി-തലശ്ശേരി റോഡിൽ എരുമത്തെരുവ് ഭാഗത്ത് നടുറോഡിൽ ഗർത്തം രൂപം കൊണ്ടത് അപകട ഭീഷണിയുയർത്തുന്നു. നാല് ചക്ര ഓട്ടോസ്റ്റാന്റിന് സമീപത്തായാണ് മൂന്നടിയോളം താഴ്ചയിലും വ്യാസത്തിലുമായി ഗർത്തം രൂപംകൊണ്ടത്. ഇരുചക്രവാഹന യാത്രക്കാരേയും, കാൽനടയാത്രക്കാരെയുമാണ് ഇത് ഏറെ ബാധിക്കുന്നത്. അടുത്തിടെ ഗട്ടറുകൾ നികത്തി അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ റോഡാണിത്. അതുകൊണ്ട് തന്നെ വാഹനങ്ങൾ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ അപകട സാധ്യത കൂടുതലാണ്. മുമ്പ് കലുങ്കുണ്ടായിരുന്ന സ്ഥലമാണിത്. അതുകൊണ്ടുതന്നെ ഗർത്തത്തിന്റെ വ്യാപ്തി പെട്ടെന്ന് തന്നെ കൂടാൻ സാധ്യതയുണ്ട്.