man
വഴിയോരങ്ങളിലെ മാൻ കൂട്ടങ്ങൾ

പുൽപ്പളളി: വയനാടൻ വനപാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് സുന്ദരകാഴ്ചയാവുകയാണ് മാൻകൂട്ടങ്ങൾ. പുൽമേടുകളിലൂടെ ചാടിയും ഓടിയും നടക്കുന്ന മാനുകൾ കാടിന്റെ സൗന്ദര്യമാണ്. തുടർച്ചയായ മഴ കാരണം റോഡ് ഓരങ്ങളിൽ പുല്ല് സമൃദ്ധമായി വളർന്നു നിൽക്കുന്നുണ്ട്. വിവിധ ഇനങ്ങളിലുള്ള മാനുകളെ യാത്ര ചെയ്യുമ്പോൾ കാണാൻ കഴിയും. കൊമ്പുകളാണ് മാനുകളുടെ പ്രധാന പ്രത്യേകത. ആൺ മാനുകൾക്കാണ് കൊമ്പുകളുള്ളത്. മാനുകളുടെ കൊമ്പുകൾ ഓരോ വർഷവും പൊഴിഞ്ഞുപോയി ആ സ്ഥാനത്ത് വീണ്ടും കൊമ്പുകൾ കിളിർത്തുവരും. ശരീരത്തിൽ വെള്ള പുള്ളികളോടെയാണ് ഓരോ മാൻകുട്ടിയും ജനിക്കുക. ഒരു വർഷം കഴിയുമ്പോൾ ഈ പുള്ളികളെല്ലാം മാഞ്ഞുപോകും. ഒരു വയസ്സു കഴിയുമ്പോഴേക്കും ആൺമാനുകൾ അമ്മമാരിൽ നിന്ന് മാറി ജീവിക്കാൻ തുടങ്ങും. പെൺമാനുകൾ രണ്ടരവർഷത്തോളം അമ്മമാരോടുകൂടി ഉണ്ടാവും. മണിക്കൂറിൽ 48 കിലോമീറ്റർ വേഗത്തിൽ വരെ ഓടാൻ ഇവയ്ക്ക് കഴിയും. അധികം ചൂടൊന്നുമില്ലാത്ത പ്രദേശങ്ങളിലാണ് ഇവയെ കാണുന്നത്. വയനാട്ടിൽ മാനുകളുടെ എണ്ണം പെരുകുകയാണ്.