കൽപ്പറ്റ: പുഴംകുനി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൽപ്പറ്റ മാനിവയൽ തട്ടാരത്തൊടി ഷിജു - ധന്യ ദമ്പതികളുടെ മകൾ ശിവപാർവണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ധന്യയും ഷിജുവും മക്കളായ ശിവപാർവണയ്ക്കും യദുകൃഷ്ണയ്ക്കും ജിത്തുവിനുമൊപ്പം നാലു ദിവസം മുമ്പ് പുഴംകുനിയിലുള്ള സഹോദരിയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു.
ശനിയാഴ്ച മടങ്ങാനുള്ള ഒരുക്കത്തിനിടെ രാവിലെ 10ഓടെയാണ് ശിവപാർവണയെ കാണാതായത്. പരിസരത്തെല്ലാം നോക്കിയെങ്കിലും കണ്ടെത്താനായില്ല. വീടിനടുത്ത് കൂടി ഒഴുകുന്ന പുഴംകുനി പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന സംശയം ബലപ്പെട്ടതോടെ നാട്ടുകാരുടെ സഹായത്തോടെ ഫയർഫോഴ്സും പൊലീസും ജീവൻരക്ഷാസേന പ്രവർത്തകരും തെരച്ചിൽ തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. കാരാപ്പുഴ ഡാമിന്റെ ഷട്ടർ തുറന്നതിനാൽ പുഴയിലെ കുത്തൊഴുക്ക് കൂടിയത് തെരച്ചിലിന് തടസമായി. പിന്നീട് ഷട്ടർ ഭാഗികമായി അടച്ച് തെരച്ചിൽ തുടർന്നിട്ടും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ തെരച്ചിൽ പുനഃരാരംഭിച്ചതിന് പിറകെ 11ഓടെയാണ് ഒന്നര കിലോമീറ്റർ അകലെയായി കുട്ടിരായിൻ പാലത്തിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.