സുൽത്താൻ ബത്തേരി: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി അടച്ചിട്ട സിനിമാശാലകൾ ഇന്ന് വീണ്ടും തുറക്കുന്നു. സർക്കാർ മാനദണ്ഡമനുസരിച്ച് 50 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനം.
നിബന്ധനകളോടെ സിനിമ ശാലകൾ തുറക്കാമെന്ന ഉത്തരവ് വന്നതോടെ അടച്ചിട്ടിരുന്ന സിനിമ ശാലകളെല്ലാം തുറക്കുന്നതിന് ശുചീകരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങളെല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നു വരികയാണ്.
ഒന്നിടവിട്ട് മാത്രമെ ആളുകൾക്ക് സീറ്റുകളിൽ ഇരിക്കാൻ പാടുള്ളു. ഇതിനായി അനുവദനീയമല്ലാത്ത സീറ്റുകളിൽ റിബണോ പ്രത്യേക സ്റ്റിക്കറോ കൊണ്ട് സീറ്റ് റിസർവ് ചെയ്തിട്ടുണ്ട്. തിയേറ്ററിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആളുകളെ സാനിറ്റൈസ് ചെയ്യുന്നതിനും, ഷോ കഴിയുമ്പോൾ തിയേറ്ററിനകം പൂർണമായും സാനിറ്ററൈസ് ചെയ്ത് അണുവിമുക്തമാക്കുന്നതിനും വേണ്ട ഒരുക്കങ്ങളും നടത്തികഴിഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടഞ്ഞു കിടന്ന മിക്ക മേഖലകളും ജീവൻ വെച്ചപ്പോൾ സിനിമ മേഖല നിശ്ചലമായിതന്നെ കിടക്കുകയായിരുന്നു. കൊവിഡിന്റെ ഒന്നാം ഘട്ടത്തിൽ 10 മാസവും രണ്ടാം ഘട്ടത്തിൽ തുടർച്ചയായി 6 മാസവുമാണ് സിനിമാശാലകൾ അടഞ്ഞു കിടന്നത്. ഇടയ്ക്ക് ഏതാനും ദിവസങ്ങൾ മാത്രമാണ് തിയേറ്ററുകൾ തുറന്നത്. കൊവിഡ് സിനിമാതിയേറ്ററുകൾക്ക് ഏൽപ്പിച്ച ആഘാതം ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളെയും ഓപ്പറേറ്റർമാരെയും കാര്യമായി ബാധിക്കുകയും ചെയ്തു.
കൊവിഡ് നിയന്ത്രണങ്ങളിൽ തിയേറ്ററുകൾ തുറക്കാൻ അനുവാദമില്ലാതിരുന്ന കാലത്തും ഓരോ തിയേറ്റർ ഉടമയ്ക്കും മാസം ഇരുപതിനായിരത്തോളം രൂപ വൈദ്യുതി ബില്ലും തൊഴിലാളികളുടെയും മറ്റും അലവൻസ് കാര്യങ്ങൾക്കുമായി ചെലവഴിക്കേണ്ടി വന്നു.
അമിതമായ വൈദ്യുത ചാർജ് വർദ്ധനവും വിനോദനികുതിയും വരുമാന നഷ്ടവുമെല്ലാം തിയേറ്റർ മേഖലയിൽ നിന്ന് ആളുകളെ പിന്നോട്ടടുപ്പിച്ചതോടെ പല തിയേറ്ററുകളും പൂട്ടി. വൈത്തിരിയിലെ ഒരു തിയേറ്റർ ആരാധനാലയമാക്കുക വരെയുണ്ടായി. 50 തിയേറ്ററുകളുണ്ടായിരുന്ന വയനാട്ടിൽ ഇപ്പോൾ വെറും 18 തിയേറ്ററുകൾ മാത്രമാണുള്ളത്.
ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ സിനിമ മേഖലയിൽ ചുവടുറപ്പിക്കുന്നതിനിടെയാണ് പ്രതിസന്ധികൾക്കും കടുത്ത നിയന്ത്രണങ്ങൾക്കുമിടയിൽ സിനിമാശാലകൾ തിരിച്ചെത്തുന്നത്. ഡോക്ടർ, ഇംഗ്ലീഷ് സിനിമകളായ വെനം, നോ ടൈം ടു ഡൈ എന്നി സിനിമകളാണ് ആദ്യം റിലിസിനെത്തുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം സിനിമ പ്രദർശിപ്പിക്കാനാണ് ഇപ്പോഴുള്ള തീരുമാനം.
കൊവിഡ് നിയന്തണങ്ങളിലും തിയേറ്ററുകൾക്കുള്ള വൈദ്യുതി ബില്ലിന്റെയും വിനോദ നികുതിയുടെയും കാര്യത്തിലും കൂടുതൽ ഇളവുകൾ അനുവദിക്കണം ഐസൺ കെ.ജോസ് ഐശ്വര്യ സിനിപ്ലക്സ് പാർട്ട്ണർ, പി.ജെ.ബിനോ, മിന്റ് സിനിമാസ് മാനേജർ
50 തിയേറ്ററുകളുണ്ടായിരുന്ന വയനാട്ടിൽ ഇപ്പോൾ വെറും 18 തിയേറ്ററുകൾ മാത്രം