മാനന്തവാടി: 2016 മുതൽ 2021 ആഗസ്റ്റ് 31 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വയനാട് ജില്ലയ്ക്ക് 145.84 കോടി രൂപ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
2011-16 കാലത്ത് 19.92 കോടി രൂപ മാത്രമാണ് ജില്ലക്ക് ലഭിച്ചത്. പ്രകൃതി ദുരന്തം ബാധിച്ചവർക്കും, ഗുരുതരരോഗം ബാധിച്ചവർക്കും, അപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതരുൾപ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കുള്ള അടിയന്തിര ആശ്വാസമായിട്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം നൽകുന്നത്. ദുരിതാശ്വാസ നിധി ഓൺലൈൻ സംവിധാനമാക്കിയതോടെ കൂടുതൽ കാര്യക്ഷമയോടെയും കാലതാമസം കൂടാതെയും സഹായം വളരെ എളുപ്പത്തിൽ ലഭിക്കുന്നുണ്ട്. ചികിത്സാ സഹായം അനുവദിക്കുന്നതിന് അപേക്ഷയോടൊപ്പം ഗുണഭോക്താവിന്റെ പേര് ഉൾപ്പെടുന്ന റേഷൻ കാർഡ്, 2 ലക്ഷം രൂപയിൽ താഴെ പരിധിയുള്ള വരുമാന സർട്ടിഫിക്കറ്റ്, രോഗവിവരം വ്യക്തമായി പ്രതിപാദിക്കുന്ന 6 മാസകാലവധിക്കകത്തുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, മറ്റ് തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ സി.എം.ഒ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ദുരിതാശ്വാസ നിധിയിൽ നിന്നും ജില്ലാകലക്ടർക്ക് 10000 രൂപയും, റവന്യൂ സ്‌പെഷ്യൽ സെക്രട്ടറിക്ക് 15000 രൂപയും, റവന്യൂ വകുപ്പ് മന്ത്രിക്ക് 25000 രൂപയും മുഖ്യമന്ത്രിക്ക് 3 ലക്ഷം രൂപവരേയും രേഖകളുടെ അടിസ്ഥാനത്തിൽ അനുവദിക്കാവുന്നതാണ്. 3 ലക്ഷം രൂപക്ക് മുകളിൽ തുക അനുവദിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ പ്രത്യേക അംഗീകാരം ലഭിക്കണം.