ഭാര്യ കവിത ഇപ്പോഴും പ്രസ്ഥാനത്തിൽ
കൽപ്പറ്റ: സി.പി.ഐ (മാവോയിസ്റ്റ് ) കബനി ദളത്തിന്റെ ഡെപ്യൂട്ടി കമൻഡാന്റ് പുൽപ്പള്ളി അമരക്കുനി പണിക്കപ്പറമ്പിൽ ലിജേഷ് (രാമു, 37) പൊലീസിൽ കീഴടങ്ങി. സംസ്ഥാന സർക്കാർ 2018-ൽ കീഴടങ്ങൽ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് വയനാട്ടിൽ മാവോയിസ്റ്റ് കീഴടങ്ങുന്നത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ജില്ലാ പൊലീസ് ചീഫ് ഡോ. അരവിന്ദ് സുകുമാർ മുമ്പാകെ ആയുധങ്ങളൊന്നുമില്ലാതെ എത്തുകയായിരുന്നു. യുവാവിന്റെ ഭാര്യ കവിത ഇപ്പോഴും പാർട്ടിയിൽ തന്നെയുണ്ട്.
ലിജേഷ് സ്വമനസ്സാലെ കീഴടങ്ങിയതാണെന്ന് ഉത്തരമേഖലാ ഐ.ജി അശോക് യാദവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഴി തെറ്റി മാവോയിസ്റ്റ് ദളങ്ങളിലെത്തിയ മറ്റു പലർക്കും കണ്ണ് തുറക്കാൻ ഇത് പ്രേരകമാവുമെന്നാണ് പ്രതീക്ഷ. ജില്ലാ കളക്ടർ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്കു പിറകെ രണ്ടു മാസത്തിനകം ലിജേഷിനുള്ള പുനരധിവാസ പാക്കേജിൽ തീരുമാനമുണ്ടാകും. ലിജേഷിന്റെയും കുടുംബാംഗങ്ങളുടെയും സുരക്ഷ പൊലീസ് ഉറപ്പുവരുത്തും. മാവോയിസ്റ്റ് ആക്‌ഷനുകളുമായി ബന്ധപ്പെട്ട് ലിജേഷിനെതിരെ സംസ്ഥാനത്ത് കേസുകളുണ്ടെന്നും ഐ.ജി പറഞ്ഞു. ഡോ. അരവിന്ദ് സുകുമാറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വിച്ഛേദിച്ചത് ഏഴു
വർഷത്തെ ബന്ധം
പുൽപ്പള്ളിയിൽനിന്നു പതിറ്റാണ്ടുകൾ മുമ്പ് കർണാടകയിലേക്കു ഇഞ്ചിപ്പണിയ്ക്കു പോയ നിർധന കുടുംബത്തിലെ അംഗമാണ് നാലാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ലിജേഷ്. ഏഴു വർഷമായി മാവോയിസ്റ്റ് കബനി ദളത്തിലെ അംഗമാണ്.
ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ തുടർനടപടികൾ റദ്ദു ചെയ്യുന്നതിനു പുറമെ പൊതുജീവിതത്തിലേക്കു തിരിച്ചുവരുന്നതിനു സാമ്പത്തിക പിന്തുണയും സുരക്ഷയും കൂടി വാഗ്ദാനം ചെയ്യുന്നതാണ് പുരനധിവാസ പദ്ധതി. അഞ്ചു ലക്ഷം രൂപ വരെയാണ് ലഭിക്കുക. ഇതിൽ പകുതി പണമായി നൽകുമ്പോൾ ബാക്കി സ്ഥിരനിക്ഷേപമാക്കി മാറ്റും. സ്ഥിരനിക്ഷേപം പണയാധാരമാക്കി സ്വയംതൊഴിലിനും മറ്റും വായ്പയെടുക്കാൻ അവസരമുണ്ടാകും. അഭിരുചിയ്ക്കനുസരിച്ചു തൊഴിൽ പരിശീലനം ഉറപ്പാക്കും. മറ്റു തൊഴിലുകളിൽ ഏർപ്പെടാത്തപക്ഷം മൂന്നു വർഷം വരെ പരിശീലനകാലത്തു മാസം 10,000 രൂപ വരെ അനുവദിക്കും.
ആയുധങ്ങളുമായി കീഴടങ്ങുന്നവർക്ക് 35,000 രൂപ പ്രത്യേക പാരിതോഷികമുണ്ട്.