sign
കൈയൊപ്പിലെ കല

കൽപ്പറ്റ: വെറുമൊരു ഒപ്പല്ല ഇത്. ഒന്നൊന്നര ഒപ്പ് തന്നെ. ചിറകു വീശിപ്പറക്കുന്ന പക്ഷി കണക്കെയുള്ള ഈ ഒപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പറക്കുകയാണ്.

മാനന്തവാടി ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ എം.കെ.ജയന്റേതാണ് തികച്ചും വ്യത്യസ്തമായ, കല തുളുമ്പുന്ന കൈയ്യൊപ്പ്. സോഷ്യൽ മീഡിയയിൽ ലൈക്കും ഷെയറുമായി ഇൗ ഒപ്പ് കടലുകൾ കടന്നും എത്തിക്കഴിഞ്ഞു. ജയൻ എന്ന് ഇംഗ്ലീഷിൽ എഴുതിയതിനൊപ്പം ഇനിഷ്യലായ എം.കെ എന്ന അക്ഷരങ്ങൾ വിശാലമായി വരച്ചുചേർത്താണ് ഒപ്പിന്റെ രചന.

എസ്.എസ്.എൽ.സി യുടെ അവസാനകാലത്ത് മാർക്ക് ബുക്കിൽ ഒപ്പ് നിർബന്ധമെന്നതുകൊണ്ട്, ടീച്ചർ ഒരു ദിവസം പറഞ്ഞു; എല്ലാവരും ഒപ്പിടാൻ പഠിക്കണമെന്ന്. ജയൻ അങ്ങനെ ഒപ്പ് വരച്ചുപഠിച്ചത് വേറിട്ട രീതിയിൽ തന്നെയായി. അന്ന് കൂട്ടുകാർ പോലും കളിയാക്കി. പക്ഷേ, ജയൻ ആ ഒപ്പിൽ തന്നെ ഉറച്ചുനിന്നു. ഇതുവരെ ഒപ്പിൽ അണുവിട മാറ്റമില്ല.

ബി.ഡി.ഒ ആയ ശേഷം കുറച്ചൊന്നുമല്ല ഒപ്പിടേണ്ടി വരിക. അറ്റസ്റ്റ് ചെയ്യാൻ എത്തുന്നവരുമുണ്ടാവും ഇതിനു പുറമെ. ചില അപേക്ഷകളിലും മറ്റും കൊച്ചുകോളത്തിൽ ഒപ്പ് ഒതുക്കേണ്ടി വരുമ്പോൾ മാത്രമാണ് പ്രശ്നമെന്ന് ജയൻ പറയുന്നു.

ഇപ്പോൾ ഒപ്പ് വൈറലായതോടെ ഗസറ്റഡ് ഒാഫീസറുടെ ഒപ്പ് തേടുന്നവർ നേരെ മാനന്തവാടി ബ്ളോക്ക് ഡവലപ്പ്മെന്റ് ഒാഫീസിലേക്കാണ് കുതിക്കുന്നത്; ആ മനോഹര ഒപ്പ് കൈയിലാക്കാൻ. തിരക്ക് കൂടിയാലും ഒപ്പിന്റെ കാര്യത്തിൽ ഇദ്ദേഹം പിശുക്ക് കാണിക്കാറില്ല. സോഷ്യൽ മീഡിയയിൽ ഒപ്പ് വിശേഷത്തിന് താഴെയായി കമന്റുകൾ നിറയുന്നുണ്ട്. കളെളാപ്പുകാർ ഇതിനു മുന്നിൽ മുട്ടുമടക്കും... ഒരാളുടെ കമന്റ് ഇങ്ങനെയെങ്കിൽ മറ്റൊന്ന് ഒപ്പുകാരന് വിശേഷണംനൽകിയാണ്; സിഗനേച്ചർ ഡവലപ്പ് മെന്റ് ഓഫീസർ!.

മൂലങ്കാവ് ഹൈസ്‌ക്കൂൾ അധ്യാപിക മിനി ഭാസ്‌കറാണ് ജയന്റെ ഭാര്യ. കൊച്ചുകവിതകളിലൂടെ മലയാളിയുടെ മനം കവർന്ന വിദ്യാർത്ഥി ധ്രുപദ് ഗൗതം, മൗര്യ എന്നിവർ മക്കളും.