കൽപ്പറ്റ: വാഹനങ്ങളുടെ ലോകത്തേക്കുള്ള അതിവേഗയാത്ര; അതാകട്ടെ ഒറ്റ ക്ലിക്കിലൂടെ. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായെന്നോണം ആരോവെഹിക് ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് സഹോദരങ്ങളായ യുവഎൻജിനീയർമാർ. കൽപ്പറ്റയിലെ എം.ടി ബാബു - മിനി ബാബു ദമ്പതികളുടെ മക്കളായ അർജുനും അരുണും ഇതിനു രൂപം നൽകിയത് വാഹനസംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്.
പുതിയതും പഴയതുമായ ഏതു വാഹനത്തിന്റെയും സകല വിവരങ്ങളും ഞൊടിയിടയിൽ ലഭിക്കുമെന്നതാണ് ആപ്പിന്റെ സവിശേഷത. മാത്രമല്ല, ഇഷ്ടമുള്ള വാഹനം ആപ്പ് വഴി വാങ്ങുമ്പോൾ കാഷ് ബാക്കായി ഒരു തുകയും ലഭിക്കും.
വാഹന വിപണിയിൽ ഇത് പുത്തൻ ആശയമാണെന്ന് അർജുൻ പറയുന്നു. ബുക്ക് ചെയ്യുന്നതിന് മുമ്പേ വാഹനത്തെ പറ്റി അറിഞ്ഞിരിക്കേണ്ട മുഴുവൻ വിവരങ്ങളും നൽകുന്നു. പഴയ വാഹനമാണ് വാങ്ങുന്നതെങ്കിൽ അതിന്റെ ചരിത്രവുമുണ്ടാവും.
കൊവിഡ് കാലം മുഴുവനാളുകളെയും ഓൺലൈനിൽ മാത്രമായി പിടിച്ചിരുത്തിയപ്പോൾ
വിരൽത്തുമ്പിൽ വിജ്ഞാനമെന്നതിലുപരി സ്വപ്നങ്ങൾക്ക് ചിറകുകൾ കൂടി തീർക്കുക എന്ന ചിന്തയിൽ നിന്നാണ് ആരോവെഹിക് ആപ്പിന്റെ പിറവി.
ഇന്ത്യയിൽ ലഭ്യമായ ഫോർ വീലറുകളുടെയും ടു വീലറുകളുടെയും വിവരങ്ങൾ ഈ ആപ്പിലൂടെ ലഭിക്കും. ആൻഡ്രോയ്ഡ് മൊബൈലുകളിൽ പ്ലേസ്റ്റോർ വഴി ആർക്കും ആപ്പ് ഡൗൺലോഡ് ചെയ്യാം.
കണ്ണൂർ ശ്രീനാരായണഗുരു കോളേജ് ഒഫ് എൻജിനിയറിംഗ് ടെക്‌നോളജിയിൽ നിന്നു പഠനം പൂർത്തിയാക്കിയതാണ് അർജുൻ. പാലക്കാട്ടെ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ നിന്നാണ് അരുൺ ബിരുദം നേടിയത്.