kcv
ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണസമ്മേളനം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ: ഇന്ദിരാഗാന്ധി മികവുറ്റ നേതാവും ഭരണാധികാരിയുമെന്നതിലുപരി രാജ്യത്തിന്റെ വിപ്ലവഗാഥയായിരുന്നുവെന്ന് ഐ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണഗോപാൽ എം.പി പറഞ്ഞു. ഇന്ദിരാഗാന്ധി പാവങ്ങൾക്ക് വേണ്ടി പണക്കാരന്റെ ബാങ്കുകൾ ദേശസാത്കരിച്ചപ്പോൾ, മോദി ഇന്ത്യയിലെ പൊതമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുകയാണ്. കോർപ്പറേറ്റുകളുടെ 12 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ എഴുതിത്തള്ളിയത്. ഇന്ദിരാഗാന്ധി പാവപ്പെട്ടവന്റെ പോക്കറ്റിൽ പണമെത്തിക്കാൻ ശ്രമം നടത്തിയപ്പോൾ, മോദി കൈയിട്ട് വാരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാൽ.

മാർപ്പാപ്പയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയും ഇന്ത്യയിലേക്കുള്ള ക്ഷണവും രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളടക്കം ഉന്നയിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമാവട്ടെ. നെഹ്റുവും ഇന്ദിരാഗാന്ധിയും ഐ.കെ.ഗുജറാളുമടക്കമുള്ള പ്രധാനമന്ത്രിമാർ മുമ്പ് മാർപാപ്പയെ സന്ദർശിച്ചിട്ടുണ്ട്.

പാവപ്പെട്ടവർക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ വൈദികനായ സ്റ്റാൻ സ്വാമിയെ യു എ പി എ ചുമത്തി ജയിലിലടക്കുകയും അവിടെ കിടന്ന് അദ്ദേഹത്തിന് മരിക്കേണ്ടി വന്നതും ഈയടുത്തുണ്ടായ സംഭവമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും ഒരേ പോലെ ജീവിക്കാനുമുള്ള അവകാശമുണ്ടാക്കിയെടുക്കാൻ ഇത്തരം സന്ദർശനങ്ങൾ ഉപകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതല്ല, മറിച്ച് ഗോവ, മണിപ്പൂർ അടക്കമുള്ള സംസ്ഥാനങ്ങളിൽ രണ്ടു മൂന്നു മാസം കഴിഞ്ഞാൽ നടക്കുന്ന തിരഞ്ഞെടുപ്പാണ് ഉന്നമെങ്കിൽ അത് ഫലിക്കുമെന്ന് തോന്നുന്നില്ല.

ഡി സി സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ അദ്ധ്യക്ഷനായിരുന്നു. കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം, ഐ സി ബാലകൃഷ്ണൻ എം എൽ എ, എ ഐ സി സി അംഗം പി കെ ജയലക്ഷ്മി, കെ പി സി സി എക്സിക്യുട്ടിവ് അംഗം കെ എൽ പൗലോസ്, വി എ മജീദ്, ഒ വി അപ്പച്ചൻ എന്നിവർ സംസാരിച്ചു. സി യു സി സംസ്ഥാന കോ ഓർഡിനേറ്റർ അംശുലാൽ പൊന്നാറത്ത് ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.