വൈത്തിരി: വയനാട് ചുരത്തിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മുപ്പതടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞു. വണ്ടി ഓടിച്ചിരുന്ന മാനന്തവാടി താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി വോളണ്ടിയർ സ്മിത അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെ ഒന്നാം വളവിനു താഴെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മാനന്തവാടിയിൽ നിന്നു കോഴിക്കോട് ചെമ്പുകടവിലേക്കു പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. ഇരുട്ടായതിനാലും അപകടം ആരും അറിഞ്ഞില്ല. കൊക്കയിൽ നിന്നു കല്ലുകൾ പെറുക്കി യുവതി റോഡിലേക്ക് എറിഞ്ഞ് യാത്രക്കാരുടെ ശ്രദ്ധ നേടാൻ നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ കൊക്കയിലെ വള്ളിപ്പടർപ്പുകളിൽ പിടിച്ചുതൂങ്ങി റോഡിലേക്ക് കയറുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചുരം സംരക്ഷണ സമിതിക്കാർ ബന്ധുക്കളെ വരുത്തി ഒപ്പം വിടുകയായിരുന്നു.
അപകടത്തിൽ പെട്ട സ്‌കൂട്ടർ ചുരം സംരക്ഷണ സമിതി പ്രവർത്തകർ പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് മുകളിലേക്ക് കയറ്റിയത്.