veedu
ചെട്ട്യാലത്തൂരിൽ നിന്ന് പുനരധിവസിപ്പിക്കപ്പെട്ട ശശി ഇപ്പോഴത്തെ വീടിനു മുന്നിൽ

സുൽത്താൻ ബത്തേരി: വനഗ്രാമത്തിൽ നിന്ന് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം പറിച്ച് നടപ്പെട്ടവർക്ക് ദുരിതകാലം തീരുന്നില്ല.

വനത്തോടു ചേർന്ന് ഏക്കർ കണക്കിന് സ്ഥലമുണ്ടായിരുന്നവർക്ക് പുറത്ത് അഞ്ചും പത്തും സെന്റ് സ്ഥലം വാങ്ങിയപ്പോൾ തന്നെ കിട്ടിയ പണം തീർന്നു. പലരും വീട് വെക്കാൻ പൈസയില്ലാതെ ബുദ്ധിമുട്ടുന്ന പരിതാപകരമായ അവസ്ഥയിലാണ്.
വയനാട് വന്യജീവി സങ്കേതത്തിനുള്ളിലെ വനഗ്രാമങ്ങളിൽ കഴിയുന്ന എല്ലാ വിഭാഗക്കാരെയും വനത്തിന് പുറത്തെത്തിച്ച് മാറ്റിപ്പാർപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയ്ക്ക് 2011-ൽ തുടക്കമിട്ടത്. മാറിപ്പോകുന്ന കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകുകയായിരുന്നു. വനഗ്രാമത്തിലുള്ള ഏതാണ്ട് 800 കുടുംബങ്ങളിൽ 600 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ മാറ്റിപാർപ്പിച്ചത്. ഈ കുടുംബങ്ങളിൽ ബഹുഭൂരിപക്ഷത്തിനും ഇതുവരെ പച്ചപിടിക്കാൻ കഴിഞ്ഞിട്ടില്ല.

നാട്ടിൻപുറങ്ങളിൽ അത്യാവശ്യം വഴിസൗകര്യവും മറ്റുമുള്ള ഭൂമിയ്ക്ക് സെന്റിന് ഏറ്റവും ചുരുങ്ങിയത് 50,000 രൂപയെങ്കിലും വില വരും. പത്ത് സെന്റ് സ്ഥലം വാങ്ങിക്കഴിയുമ്പോഴെക്കും അഞ്ച് ലക്ഷം രൂപ തീർന്നിരിക്കും ബാക്കിയുള്ള അഞ്ച് ലക്ഷം മുഴുവൻ വീട് വെക്കാനുപയോഗിച്ചാൽ പിന്നെ മറ്റു കാര്യങ്ങൾക്കൊന്നിനും കൈയിലൊന്നുമുണ്ടാവില്ല.
ബത്തേരി റേഞ്ചിലെ കൊട്ടങ്കരയിലാണ് ആദ്യ മാറ്റിപാർപ്പിക്കൽ നടത്തിയത്. തുടർന്ന് ഗോളൂർ, അമ്മവയൽ, അരകുഞ്ചി, വെള്ളത്തൂർ, ഈശ്വരൻകൊല്ലി, നരിമന്തി എന്നിവിടങ്ങളിലെ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. ചെട്ട്യാലത്തൂരിൽ മാത്രം 195 കുടുംബങ്ങളിൽ 121 എണ്ണത്തിലുള്ളവരെയും മാറ്റിപാർപ്പിച്ചു. കാടു വിട്ട ഇവരിൽ നല്ലൊരു പങ്കും ഉപജീവനമാർഗം പോലുമില്ലാതെ നട്ടംതിരിയുകയാണ്.
കാടായിരുന്നെങ്കിലും അവിടെ ജീവിതം സുഖകരമായിരുന്നു. യാത്രയ്ക്കുള്ള ബുദ്ധിമുട്ടുകളും വന്യമൃഗശല്യവും മാത്രമേ പ്രശ്നമായുണ്ടായിരുന്നുള്ളൂ. ഭൂമിയിൽ നിന്നുള്ള ആദായം കൊണ്ട് പട്ടിണി കൂടാതെ ജീവിക്കാൻ കഴിയുമായിരുന്നുവെന്ന് ചെട്ട്യാലത്തൂരിൽ നിന്ന് ചീരാലിലേക്ക് പറിച്ചുനടപ്പെട്ട കരുവളവീട്ടിൽ മാധവൻ പറയുന്നു. മരുമകൻ ശശിയുടെ പേരിൽ ചെട്ട്യാലത്തൂരിൽ അര ഏക്കർ സ്ഥലമാണുണ്ടായിരുന്നത്. നല്ല കാപ്പിത്തോട്ടമായിരുന്നു. അത് വനം വകുപ്പിന് വിട്ടുനൽകിയാണ് ചീരാലിൽ പത്ത് സെന്റ് സ്ഥലം വാങ്ങിയത്. അതോടെ പത്ത് ലക്ഷത്തിൽ പകുതിയിലധികവും തീർന്നു. ഇനി വീട് വെക്കാൻ പണം കണ്ടെത്തണം. പുനരധിവസിക്കപ്പെട്ട ഒട്ടു മിക്കവരുടെയും അവസ്ഥ ഇതാണെന്നും 74-കാരനായ മാധവൻ കൂട്ടിച്ചേർക്കുന്നു.