icb
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ

കൽപ്പറ്റ: വയനാട് ജില്ലയ്ക്ക് ഇന്ന് 41 വയസ്. 1980 നവംബർ ഒന്നിന് രൂപം കൊണ്ട ജില്ല ശൈശവവും കൗമാരവും കടന്ന് യുവത്വത്തോടെ വികസനകാര്യത്തിൽ വളരെ മുന്നോട്ടു പോയെങ്കിലും ഇന്നും പല കാര്യങ്ങളിലും പിന്നോക്കാവസ്ഥയിൽ തന്നെ.

ഇടതുപക്ഷ സർക്കാർ കേരളപ്പിറവി ദിനത്തിൽ നൽകിയ സമ്മാനമായിരുന്നു പതിമൂന്നാമത് ജില്ലയായി രൂപം കൊണ്ട വയനാട്. ജില്ലയുടെ വികസനകാര്യത്തിൽ ഭരണ - പ്രതിപക്ഷ നിരയിലെ എം.എൽ.എ മാരുടെ വിലയിരുത്തൽ

 സമൂലമാറ്റത്തിന് തുടക്കം കുറിച്ചത്

ഇടതുപക്ഷ സർക്കാർ: ഒ.ആ‌ർ.കേളു

കണ്ണൂരിന്റെയും കോഴിക്കോടിന്റെയും ഭാഗമായിരുന്ന വയനാടിനെ പ്രത്യേക പദവി നൽകി ജില്ലയായി മാറ്റിയത് ഇടതുപക്ഷ സർക്കാരാണ്. ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ള സമൂല മാറ്റത്തിനും ഇടതുപക്ഷ സർക്കാർ തന്നെയാണ് തുടക്കം കുറിച്ചത്.
ജില്ലയുടെ സമഗ്രവികസനമാണ് ഇടതുപക്ഷ സർക്കാരിന്റെ ലക്ഷ്യമെന്ന് വികസന കാര്യങ്ങൾ പരിശോധിച്ചാൽ മനസിലാക്കാവുന്നതേയുള്ളു. വയനാട് മെഡിക്കൽ കോളേജ്, മാനന്തവാടി എൻജിനിയറിംഗ് കോളേജ് അങ്ങനെ നീളുന്നു ആ നിര. ജില്ലയിലെ എല്ലാ സ്‌കൂളുകളും ഹൈടെക് നിലവാരത്തിലേക്ക് കൊണ്ടുവന്നതും എടുത്തു പറയേണ്ടതാണ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, റവന്യു, ഗതാഗതം, റോഡുകൾ,ടൂറിസം തുടങ്ങി സമസ്ത മേഖലകളിലും കൊച്ചു ജില്ല എന്ന പരിഗണന നോക്കാതെ വികസനമെത്തിക്കുകയാണ്. കാർഷിക ജില്ലയായ വയനാട്ടിലെ വികസനത്തിന് വേഗം കൂട്ടുന്നതിനൊപ്പം നിരവധി പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് വയനാട് കാർഷിക പാക്കേജിലൂടെ മുന്നോട്ട് വെച്ചിട്ടുള്ളത്.
പരമ്പരാഗത കൃഷികൾ ഇല്ലാതായതോടെ കർഷകരും തൊഴിലാളികളും അന്യസംസ്ഥാനങ്ങളുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് തൊഴിലും കൃഷിയുമായി പോയി. പുതിയ തൊഴിൽസാദ്ധ്യതകൾ നടപ്പാകുന്നതോടെ തൊഴിലും ഇവരുടെ ജീവിതസാഹചര്യങ്ങളും മെച്ചപ്പെടും. അതിന് വേണ്ട പ്രവർത്തനങ്ങളാണ് നടക്കുന്നത്. വയനാട്ടിലൂടെ റെയിൽവേ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിച്ചുവരുന്നു.

ഈ ജില്ലയെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്നമാണ് വന്യമൃഗശല്യം. ഇതിന് ശാശ്വതപരിഹാരം കാണാൻ പാക്കേജിൽ നൂറ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

 ഇനിയുമായില്ല ജില്ലയ്ക്ക് വികസന

കാഴ്ചപ്പാട്: ഐ.സി.ബാലകൃഷ്ണൻ

കഴിഞ്ഞ 41 വർഷത്തിനിടെ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റമല്ലാതെ വയനാടിന്റേതായ വികസന കാഴ്ചപ്പാടിലേക്ക് ഇനിയും എത്തിയിട്ടില്ല. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം ഒരു യൂണിറ്റി സംവിധാനത്തിലേക്ക് എത്തിയിട്ടില്ല എന്നതും കാണാതിരുന്നുകൂടാ.
നമ്മുക്ക് ഒരു മെഡിക്കൽ കോളേജ് എന്നത് ഇന്നും പൂർണമായി യാഥാർത്ഥ്യമായിട്ടില്ല. റെയിൽവേ പദ്ധതി പോലുമില്ല. ടൂറിസം മേഖലയ്ക്ക് അനുയോജ്യമായ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് വയനാട്ടിലേതെങ്കിലും വികസന കാഴ്ചപ്പാടോ ഏകോപനമോ ഉണ്ടായിട്ടില്ല.

പൊതുഗതാഗതത്തിന്റെ കാര്യത്തിലും വയനാടിന്റെ അവസ്ഥ ഇപ്പോഴും വളരെ പിറകിലാണ്. ജില്ലയിൽ നിന്നുള്ള ബസ്സുകൾ മറ്റ് ജില്ലകളിലേക്ക് മാറ്റി വയനാടിന്റെ യാത്രാസൗകര്യംപോലും ഇല്ലാതാക്കുന്ന സമീപനമാണ് പലപ്പോഴും സ്വീകരിക്കുന്നത്. രാത്രിയാത്രാ നിരോധനത്തിന്റെ കാര്യത്തിൽ പോലും കാര്യമായ ഒരു ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.
നമ്മുക്ക് പോരായ്മകളുണ്ട്. അത് കാലത്തിനനുസരിച്ച് മാറ്റാനുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. ചിന്തയും കാഴ്ചപ്പാടും ചർച്ചയും യോജിച്ച പ്രവർത്തനങ്ങളും നടത്തി വയനാടിനെ ഇനിയും ഉയർത്തിക്കൊണ്ടുവരാനുള്ള സാഹചര്യമാണ് ഉണ്ടാവേണ്ടത്.