തൊടിയൂർ: മാതാപിതാക്കൾക്കും സഹോദരനുമൊപ്പം യാത്ര ചെയ്യവേ രണ്ടു വർഷം മുമ്പ് നങ്ങ്യാർകുളങ്ങര കവലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഫാത്തിമനജീം മണ്ണേലിനെ ജീവകാരുണ്യ പ്രസ്ഥാനമായ കരുനാഗപ്പള്ളി ശ്രദ്ധയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. എ.എം. ആരിഫ് എം.പി അനുസ്മരണ സായാഹ്നം ഉദ്ഘാടനം ചെയ്തു. സിയോൺ ഷിഹാബ് അദ്ധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ സഹായധനം സി.ആർ. മഹേഷ് എം.എൽ.എ വിതരണം ചെയ്തു. കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗവും ശ്രദ്ധയുടെ ചെയർമാനുമായ അഡ്വ. സുധീർ കാരിക്കൽ, സാജൻ വൈശാഖം, മുജീബ് എസ്. പൊയ്യക്കാരേത്ത് എന്നിവർ സംസാരിച്ചു. 'റോഡപകടങ്ങൾ: ആശങ്കകൾ, ആകുലതകൾ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അഡ്വ. സുഖിൽ ഖാദർ വിഷയാവതരണം നടത്തി.