
# നിർമ്മാണം മേയിൽ പൂർത്തീകരിക്കും
ആലപ്പുഴ: കടൽക്ഷോഭവും കടലേറ്റവും തടയാനുതകുന്ന ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമ്മാണം ജില്ലയിൽ അടുത്ത മേയിൽ പൂർത്തീകരിക്കും. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ക്വാറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ
തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ല് എത്തിച്ചാണ് നിർമ്മാണം വേഗത്തിലാക്കിയത്.
ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് നിയമസഭാ മണ്ഡലങ്ങളിൽ അതിരൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്ന 13.30 കിലോമീറ്റർ നീളത്തിൽ 114 പുലിമുട്ടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ ഇരുപതെണ്ണം പൂർത്തീകരിച്ചു. ശേഷിക്കുന്ന പുലിമുട്ടുകളിൽ ആറാട്ടുപുഴയിലെ ഒഴികെ 65 ശതമാനവും നിർമ്മാണം പുരോഗമിക്കുകയാണ്. അമ്പലപ്പുഴ, ഓമനപ്പുഴ, പുന്നപ്ര, പതിയാങ്കര, വട്ടച്ചാൽ, തൃക്കുന്നപ്പുഴ തീരപ്രദേശങ്ങളിലാണ് ആധുനിക പുലിമുട്ട് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.
അഞ്ച് പദ്ധതികൾക്കായി 177.78 കോടി രൂപയാണ് കിഫ്ബിയിൽ അനുവദിച്ചത്.
സുനാമി ദുരന്ത ഗ്രാമമായ ആറാട്ടുപുഴയിലെ 21 പുലിമുട്ടുകളിൽ ഒന്നും പോലും നിർമ്മാണം ആരംഭിച്ചിട്ടില്ല. തീരത്തെ ആഴവും രൂക്ഷമായ കടൽക്ഷോഭവുമാണ് തടസമായത്. അടുത്ത കാലവർഷത്തിന് മുമ്പ് നൂറ് ശതമാനം പുലിമുട്ടുകളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജലസേചന വകുപ്പ് തയ്യാറാക്കിയ പദ്ധതിയുടെ നിർമ്മാണ ചുമതല കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ്.
നിർമ്മാണ രീതി
1. കടലിനുള്ളിലേയ്ക്ക് നിശ്ചിത അകലത്തിൽ കരിങ്കൽ നിരത്തും
2. വീതിയേറിയ സ്ഥലം പൊടുന്നനെ ഇടുങ്ങിയതാവുമ്പോൾ തിരമാലയുടെ ശക്തി വർദ്ധിച്ച് അടിത്തട്ടിലെ മർദ്ദം കുറയും
3. കടലിലേയ്ക്ക് 40 മീറ്റർ നീളത്തിലും അഗ്രഭാഗത്ത് ബൾബിന്റെ ആകൃതിയിൽ 20 മീറ്റർ വീതിയിലുമാണ് നിർമ്മാണം
4. മൂന്ന് തട്ടുകളിലായി പല വലുപ്പത്തിലുള്ള കരിങ്കല്ലുകൾ പാകിയശേഷം രണ്ട് തട്ടിൽ ടെട്രാപോഡുകൾ സ്ഥാപിക്കും
5. കോൺക്രീറ്റ് ഉപയോഗിച്ച് രണ്ട്, അഞ്ച് ടൺ വീതം ഭാരത്തിലാണ് ടെട്രാപോഡ് നിർമ്മാണം
6. പുലിമുട്ടുകൾ തമ്മിൽ 100 മീറ്റർ അകലമുണ്ടാകും
പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങൾ
ആലപ്പുഴ മണ്ഡലം: കാട്ടൂർ മുതൽ ഓമനപ്പുഴ വരെ
പുലിമുട്ട്: 34
അമ്പലപ്പുഴ മണ്ഡലം: കാക്കാഴം മുതൽ പുന്നപ്ര വരെ
പുലിമുട്ട്: 30
ഹരിപ്പാട് മണ്ഡലം: പതിയാങ്കര, ആറാട്ടുപുഴ, വട്ടച്ചാൽ വരെ
പുലിമുട്ട്: 50
പദ്ധതി ചെലവ്: ₹ 177.78 കോടി
ആകെ പുലിമുട്ടുകൾ: 114
പൂർത്തീകരിച്ചത്: 20
""
ടെട്രാപോഡുകളുടെ നിർമ്മാണം അതിവേഗത്തിലാണ്. കരിങ്കൽ പാകുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ക്വാറികളിലെ നിയന്ത്രണം പലപ്പോഴും തടസം ഉണ്ടാക്കുന്നുണ്ട്. മറ്റ് തടസങ്ങൾ ഇല്ലെങ്കിൽ അടുത്ത മേയ് 31ന് മുമ്പ് പദ്ധതി പൂർത്തികരിക്കും.
കെ.പി. ഹരൻബാബു, ഡെപ്യൂട്ടി ജനറൽ മാനേജർ,
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ