
ആലപ്പുഴ: വിനോദസഞ്ചാര സീസൺ ആരംഭിച്ചിട്ടും ആളനക്കമില്ലാതെ ഹൗസ് ബോട്ട് ടൂറിസം. ഇതോടെ വിദേശ - സ്വദേശ സഞ്ചാരികളെ ആകർഷിക്കാൻ ടൂർ പാക്കേജുകളുമായി ഡി.ടി.പി.സിയും ഹൗസ് ബോട്ട് ഉടമകളും രംഗത്തെത്തി. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.
മഴ നിയന്ത്രണങ്ങളെ തുടർന്ന് ഇത്തവണ പൂജാ അവധിയും വിനോദസഞ്ചാരമേഖലയ്ക്ക് ഗുണം ചെയ്തില്ല. മികച്ച വരുമാനം ലഭിക്കേണ്ടിയിരുന്ന സീസണാണ് മഴ നഷ്ടപ്പെടുത്തിയത്. ഓണക്കാലത്ത് ഉണരുന്ന കേന്ദ്രങ്ങൾ ഒക്ടോബർ പകുതിയോടെ കൂടുതൽ സജീവമാവും. ഒന്നര വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം കഴിഞ്ഞ ഓണത്തിനാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണർന്നത്. സഞ്ചാരികൾ എത്തിത്തുടങ്ങിയപ്പോഴേക്കും ന്യൂനമർദ്ദത്തെ തുടർന്ന് മഴ കനത്തു. വെള്ളപ്പൊക്കം കൂടി വന്നതോടെ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി.
ഇനി പ്രതീക്ഷ ക്രിസ്മസ് രാവും ന്യൂ ഇയർ ആഘോഷങ്ങളുമാണ്. തദ്ദേശ സഞ്ചാരികളും ഉത്തരേന്ത്യക്കാരുമാണ് ഈ കാലയളവിലെത്തുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിദേശ ടൂറിസ്റ്റുകൾ കൂടുതലായെത്തുന്നത്. മഴ മാറി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും ഹൗസ്‌ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കും ചെറിയ വരുമാനം ലഭിച്ചുതുടങ്ങി.
ഈ മാസം തന്നെ നെഹ്രുട്രോഫി വള്ളംകളി നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കൊവിഡിന് ശേഷം ഇതുവരെ രണ്ട് വിദേശസഞ്ചാരികൾ മാത്രമാണ് ആലപ്പുഴയിൽ എത്തിയത്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണ് ടൂർ പാക്കേജ് പ്രഖ്യാപിച്ച് ടൂറിസം മേഖല കാത്തിരിക്കുന്നത്.
ഡി.ടി.പി.സി ഹൗസ്‌ബോട്ട് പാക്കേജ്
ഡേ ക്രൂയിസ്: രാവിലെ 11.30 മുതൽ വൈകിട്ട് 5 വരെ (ഉച്ചഭക്ഷണവും വൈകുന്നേരത്തെ ലഘുഭക്ഷണവും ഉൾപ്പെടെ)
മുഴുവൻ ദിവസം: ഉച്ചക്ക് 12 മുതൽ പിറ്റേ ദിവസം രാവിലെ 9 വരെ (21 മണിക്കൂർ, ഉച്ചഭക്ഷണം, വൈകുന്നേരം ലഘുഭക്ഷണം, അത്താഴം, ബ്രേക്ക് ഫാസ്റ്റ്)
ടൂറിസ്റ്റ് ബോട്ട് ക്രൂയിസസ്: വേമ്പനാട്ട് കായലിൽ ശിക്കാര ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവ കായൽ സവാരിക്ക് ഏർപ്പെടുത്തുന്നു
പമ്പ (ശിക്കാര): 12 പേർ - 400 രൂപ (മണിക്കൂർ)
രാജഹംസം (സ്പീഡ് ബോട്ട്): 3 പേർ - 900 രൂപ (20 മിനിറ്റ്)
മോട്ടോർ ബോട്ട്: 400 - 1,000 രൂപ (യാത്രക്കാരുടെ എണ്ണമനുസരിച്ച് വ്യത്യാസം വരും)
''"
കേരളത്തിനകത്തുനിന്നുള്ള സഞ്ചാരികളാണ് ഹൗസ് ബോട്ട് സവാരിക്ക് കൂടുതലായെത്തുന്നത്. മഴയും വെള്ളപ്പൊക്കവും കാരണം അന്യസംസ്ഥാന സഞ്ചാരികൾ കുറഞ്ഞു. പാക്കേജ് ബുക്കിംഗ് ആരംഭിച്ചു. ഇതിലാണ് പ്രതീക്ഷ.
ഹൗസ് ബോട്ട് ഉടമകൾ