dog

ആലപ്പുഴ: നഗരത്തിന് പിന്നാലെ ഗ്രാമപ്രദേശങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയതോടെ മുൻകൂർ തുക അടച്ച തദ്ദേശ സ്ഥാപനങ്ങളിൽ എ.ബി.സി പദ്ധതി നടപ്പാക്കാൻ ജില്ലാ കളക്ടർ എ. അലക്സാണ്ടർ അനുമതി നൽകി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പദ്ധതി നടപ്പാക്കുന്നത് താത്കാലികമായി നിറുത്തിവച്ചിരുന്നു.

തെരുവുനായ്ക്കളുടെ ആക്രമണം പതിവായ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം കോടതിവിധി വരുന്നതിന് മുമ്പ് പദ്ധതിക്കായി തുക നിക്ഷേപിച്ച തദ്ദേശ സ്ഥാപനങ്ങളിൽ തുക വിനിയോഗിക്കുന്നതിൽ തടസമില്ലെന്ന് കണ്ട് അനുമതി നൽകിയത്. നിക്ഷേപിച്ച തുകയേക്കാൾ അധിക തുക വിനിയോഗിച്ച പത്ത് ഗ്രാമപഞ്ചായത്തുകൾ ബാക്കി തുക ജില്ലാ പഞ്ചായത്തിൽ അടയ്ക്കണം.

ജില്ലാ പഞ്ചായത്ത് കുടുംബശ്രീ മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം പഞ്ചായത്തുകൾ തങ്ങളുടെ വിഹിതം ജില്ലാ പഞ്ചായത്തിന് കൈമാറിയെങ്കിലും കൊവിഡ് രണ്ടാം തരംഗം പ്രവർത്തനങ്ങളെ ബാധിച്ചു. ഇതിനിടെയാണ് ഹൈക്കോടതി ഉത്തരവ് വന്നത്.

ആലപ്പുഴ നഗരസഭയിൽ കോടതി വിധി വരുന്നതിന് മുമ്പ് 898 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചിരുന്നു. കോടതി വിധിയുടെ സാഹചര്യത്തിലാണ് പിന്നീട് അനുമതി നിഷേധിച്ചത്. നിയമോപദേശം തേടി പദ്ധതിക്ക് അംഗീകാരം വാങ്ങിയശേഷമാണ് ജില്ലാ പഞ്ചായത്തിന് തുക കൈമാറാൻ നഗരസഭാ സെക്രട്ടറിക്കും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കും നിർദേശം നൽകിയത്.

പദ്ധതി നടപ്പാക്കാനുള്ള കാരണം

1. റോഡുകളും പാതയോരങ്ങളും പാർക്കും തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിൽ

2. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ വിദേശ വനിതയും പിഞ്ചുകുട്ടിയും ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു

3. വളർത്തുനായ്ക്കളെ വ്യാപകമായി തെരുവിൽ തള്ളുന്നു

4. ഇതൊഴിവാക്കാൻ നടത്തിയ ബോധവത്കരണവും ഫലപ്രദമായില്ല

5. നിലവിൽ തെരുവുനായ്ക്കളെ പിടികൂടുന്നതിനും കൊല്ലുന്നതിനും നിയമം അനുവദിക്കുന്നില്ല

എ.ബി.സി പദ്ധതി

കഴിഞ്ഞ വർഷം വന്ധ്യംകരിച്ച തെരുവുനായ്ക്കൾ: 9,376

ചെലവഴിച്ചത്: ₹ 1,89,97,938 കോടി

ഈ വർഷം വന്ധ്യംകരിച്ചത്: 898

"

ആക്രമണകാരികളായ തെരുവുനായ്ക്കളെ പരിശീലനം ലഭിച്ചവരുടെ സഹായത്തോടെ പിടികൂടി വന്ധ്യംകരിക്കാൻ ക്രമീകരണം ഏർപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ ചുതമലപ്പെടുത്തി. സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ ഇവയ്ക്ക് ഭക്ഷണം ഉറപ്പാക്കും.

എ. അലക്സാണ്ടർ, ജില്ലാ കളക്ടർ