ആലപ്പുഴ: ജില്ലയിലെ മുഴുവൻ അങ്കണവാടികൾക്കും സ്വന്തം കെട്ടിടം. അതും ആധുനിക സൗകര്യങ്ങളോടെ. എല്ലാ അങ്കണവാടികൾക്കും സ്വന്തം കെട്ടിടം ഉറപ്പാക്കുന്നതിന് ആദ്യഘട്ടത്തിൽ സാധ്യത പരിശോധിക്കാൻ ജില്ലാ വികസനയോഗത്തിലാണ് തീരുമാനമായത്.
അടിസ്ഥാന സൗകര്യങ്ങൾ, ജലം -വൈദ്യുതി ലഭ്യത, ശുചിമുറി സൗകര്യങ്ങൾ, കെട്ടിടങ്ങളുടെ സുരക്ഷ, സ്വന്തമായി സ്ഥലമില്ലാതെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളുടെ പരിമിതികൾ തുടങ്ങിയ കാര്യങ്ങൾ സർവേയിൽ വിലയിരുത്തും.
കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്നുനൽകുന്ന തരത്തിൽ ജില്ലയിലെ മുഴുവൻ അങ്കണവാടികൾക്കും ആധുനിക സംവിധാനത്തോടെ സ്വന്തം കെട്ടിടം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാൻ ആലോചന. എല്ലാ അങ്കണവാടികൾക്കും സ്വന്തം കെട്ടിടം ഉറപ്പാക്കുന്നതിന് ആദ്യഘട്ടത്തിൽ സാധ്യത പരിശോധിക്കാൻ കഴിഞ്ഞ ദിവസം നടന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.
ജില്ലയിൽ 2150 അങ്കണവാടികളാണ് പ്രവർത്തിക്കുന്നത്. ഔദ്യോഗിക കണക്ക് അനുസരിച്ച് 14,800 കുട്ടികളാണ് അങ്കണവാടികളിൽ എത്തുന്നത്. 1320 എണ്ണത്തിന് സ്വന്തമായി കെട്ടിടവും സ്ഥലവും ഉണ്ട്. 830 അങ്കണവാടികൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശേഷിച്ച അങ്കണവാടികൾക്ക് സ്ഥലവും കെട്ടിടവും കണ്ടെത്തണം. ഭിന്നശേഷി സൗഹൃദമാക്കുന്ന തരത്തിൽ ഓരോ കേന്ദ്രവും ആധുനിക സംവിധാനത്തോടെ നിർമ്മിക്കുന്നതിന് കുറഞ്ഞത് എട്ടുലക്ഷം രൂപ വീതമാണ് ചെലവഴിക്കുന്നത്. ഇതിന് പുറമേ സ്ഥലത്തിന്റെ വിലയും കണ്ടെത്തണം. നിലവിലുള്ള കാലപഴക്കം ചെന്ന കെട്ടിടങ്ങൾക്ക് പകരും പുതിയ കെട്ടിടം നിർമ്മിക്കാനും ആലോചനയുണ്ട്.
# ഫണ്ട് ഏകോപനത്തിലൂടെ
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ ഏജൻസികളുടെയും എം.പി, എം.എൽ.എ പ്രാദേശിക വികസന ഫണ്ടിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2016ന് ശേഷം നിർമ്മിച്ച അങ്കണവാടികളാണ് ഭിന്നശേഷി സൗഹൃദമാക്കുന്ന തരത്തിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.
ഒറ്റനോട്ടത്തിൽ
#അങ്കണവാടികൾ
ആകെ:2150
കെട്ടിടം ഉള്ളത്:1320
വാടകകെട്ടിടം:830
കുട്ടികൾ: 14,800
ഭിന്നശേഷി വിഭാഗം:138
#കെട്ടിടത്തിന്റെ നിർമ്മാണം
മേൽക്കൂര
കോൺക്രീറ്റ്:1084
ഷീറ്റ്:562
ഓട്: 471
മറ്റുള്ളവ:33
#ചുറ്റുമതിൽ
ഉള്ളത്:1172
ഇല്ലാത്തത്:978
"സ്വന്തമായി സ്ഥലമുണ്ടെങ്കിലും പല അങ്കണവാടികളും ഇപ്പോഴും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥിതി ഒരു വർഷത്തിനുള്ളിൽ മാറ്റാൻ കഴിയണം. തദ്ദേശ സ്ഥാപനങ്ങൾ, വനിതാ-ശിശു വികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി ഇതിനായി പദ്ധതി ആസുത്രണം ചെയ്യണം. ആവശ്യമെങ്കിൽ എം.പി. ഫണ്ടിൽനിന്നും തുക അനുവദിക്കും.
എ.എം.ആരിഫ് എം.പി