ആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ കൊട്ടിഘോഷിച്ച് ആരംഭിച്ച മെഗാടൂറിസം സർക്യൂട്ട് പദ്ധതി ആറുവർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. സർക്കാർ വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് പദ്ധതി മുരടിപ്പിച്ചത്. 52.25 കോടിയുടെ പദ്ധതിക്കാണ് 2014 ൽ ഭരണാനുമതി നൽകിയത്. നിർമ്മാണം ആരംഭിച്ച് രണ്ടുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ പദ്ധതി എങ്ങുമെത്തിയില്ല.

അരൂക്കുറ്റി മുതൽ കായംകുളം വരെയുള്ള പ്രദേശങ്ങളെ യോജിപ്പിച്ചാണ് പദ്ധതി തയ്യാറാക്കിയത്. അരൂക്കുറ്റി, തണ്ണീർമുക്കം, പള്ളാത്തുരുത്തി, നെടുമുടി, കഞ്ഞിപ്പാടം, തോട്ടപ്പള്ളി, കായംകുളം എന്നിവിടങ്ങളിൽ ഹൗസ്‌ബോട്ട് ടെർമിനലായിരുന്നു പ്രധാന ആകർഷണം. നിലവിൽ പുന്നമടയിൽ മാത്രമാണ് ടെർമിനലുള്ളത്.

തണ്ണീർമുക്കം ബണ്ടിന് സമീപം നിർമ്മിച്ച ടെർമിനൽ ഇതുവരെ പൂർണമായും സജ്ജമായിട്ടില്ല. വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കാനുണ്ട്. തീരദേശ സംരക്ഷണ സമിതിയുടെ അനുമതിയും ലഭ്യമാകണം. ഇവിടെ ഒരേസമയം അഞ്ച് ഹൗസ് ബോട്ടുകൾക്ക് നങ്കൂരമിടാം. ടോയ്‌‌‌ലെറ്റ്, ബോട്ട് അടുക്കാനുള്ള ജെട്ടി, വ്യൂ പവലിയൻ, ലഘുഭക്ഷണ ശാല ഉൾപ്പെടെയുള്ള സംവിധാനങ്ങളുമുണ്ട്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല.

സർക്കാർ വകുപ്പുകളിൽ തർക്കം

1. പദ്ധതി നടത്തിപ്പിൽ സർക്കാർ വകുപ്പുകൾക്ക് ഏകോപനമില്ല

2. നിർമ്മിച്ച പല കെട്ടിടങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകുന്നില്ല

3. നശിക്കുന്നത് കോടികൾ ചെലവിട്ട് നിർമ്മിച്ച കെട്ടിടങ്ങൾ

4. ഹൗസ്‌ ബോട്ട് ടെർമിനലുകളും കാടുകയറി നശിക്കുന്നു

സൗകര്യങ്ങൾ

ടെർമിനലുകൾ: 07

രാത്രിയിൽ നങ്കൂരമിടാനുള്ള ടെർമിനലുകൾ: 02

നെടുമുടിയിലെ ടെർമിനൽ: 40 ബോട്ടുകൾക്ക് നങ്കൂരമിടാം (രാത്രിയും പകലും)​

മെഗാ ടൂറിസം പദ്ധതി

അനുവദിച്ച തുക: ₹ 52.25 കോടി

കേന്ദ്ര സഹായം ₹ 47.63 കോടി

സംസ്ഥാന സർക്കാർ വിഹിതം ₹ 4.62 കോടി

മറ്റ് വികസന പ്രവർത്തനങ്ങൾ

7 ഹൗസ് ബോട്ട് ടെർമിനലുകൾക്ക് ₹ 13 കോടി

2 രാത്രി ഹാൾട്ട് ടെർമിനലുകൾക്ക് ₹ 13 കോടി

4 മൈക്രോ ഡെസ്റ്റിനേഷനുകളുടെ വികസനം ₹ 5.54 കോടി

രണ്ട് ബീച്ചുകളുടെ നവീകരണം ₹ 2.62 കോടി

ആലപ്പുഴ നഗരവികസനം ₹ 12.14 കോടി

പാരിസ്ഥിതിക വികസന പ്രവർത്തനങ്ങൾക്ക്: ₹ 1.40 കോടി

""

കൊവിഡിൽ തകർന്ന ടൂറിസം മേഖലയ്ക്ക് മെഗാടൂറിസം സർക്യൂട്ട് പദ്ധതി പുതുജീവൻ നൽകും. ഹൗസ് ബോട്ട് യാത്രയ്ക്കെത്തുന്ന സഞ്ചാരികൾക്കും ഗുണം ചെയ്യും.

ഹൗസ് ബോട്ട് ഓണേഴ്സ് അസോ. അധികൃതർ