ചാരുംമൂട്: പട്ടികജാതി കുടുംബത്തിന്റെ കിടപ്പാടം കവർന്നെടുത്ത മണ്ണുമാഫിയക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വിഷയം പ്രത്യേക അന്വേഷണ കമ്മിഷനെ വച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് സബ് രജിസ്ട്രാർ ഓഫീസ് ഉപരോധിച്ചു. പത്ത് വർഷം മുമ്പ് പ്രമാണം രജിസ്റ്റർ ചെയ്തു കൊടുത്ത സബ് രജിസ്ട്രാറിനെതിരെയും വസ്തു കൈക്കലാക്കിയ വ്യക്തിക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി സുധീർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.ആർ.പ്രദീപ് , പാലമേൽ പഞ്ചായത്ത് മെമ്പറും മണ്ഡലം സെക്രട്ടറിയും ആയ ബി. അനിൽകുമാർ, നൂറനാട് ഗ്രാമപഞ്ചായത്ത് മെമ്പറും യുവമോർച്ച മണ്ഡലം സെക്രട്ടറിയുമായ വിഷ്ണു പടനിലം, ജനറൽ സെക്രട്ടറി പരമേശ്വരൻ പിള്ള, ബി.ജെ.പി ചുനക്കര പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മോഹൻലാൽ എന്നിവർ സംസാരിച്ചു. പട്ടികജാതി കുടുംബത്തിലെ സുരേഷ്, അമ്മ ജാനമ്മ കുട്ടൻ, സുധ, ഗീത എന്നിവരും ഉപരോധസമരത്തിൽ പങ്കെടുത്തു.