ഹരിപ്പാട്: ഭരണാധികാരികളിൽ നിന്നും ഭരണഘടനയെ സംരക്ഷിക്കേണ്ട സാഹചര്യമാണ് ഇന്ത്യയിലെ ജനങ്ങൾക്ക് വന്നുചേർന്നിരിക്കുന്ന ഉത്തരവാദിത്വമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. സി പി ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്ക് മുകളിൽ മതം പ്രതിഷ്ഠിക്കാനാണ് മോദി - അമിത്ഷാ കൂട്ടുകെട്ട് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്തവരാണ് സംഘപരിവാർ. ഭരണഘടന ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമം. രാജ്യത്തിന് യോജിക്കുന്ന ഭരണഘടന മനുസ്മൃതി ആകണമെന്നാണ് ഇവർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി ബി സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, ജില്ലാ കമ്മിറ്റി അംഗം ഡി അനീഷ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി വി രാജീവ് എന്നിവർ സംസാരിച്ചു. ഗോവയിൽ നടന്ന മുപ്പതാമത് നാഷണൽ ബെഞ്ച് പ്രസ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ചെറുതന സ്വദേശി പ്രിയരഞ്ജൻ പ്രസന്നനെയും വനിതാവിഭാഗത്തിൽ വെള്ളിമെഡൽ നേടിയ എസ്. ജോമോളെയും ചടങ്ങിൽ പി പ്രസാദ് അനുമോദി​ച്ചു.