ആലപ്പുഴ : കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും പുഞ്ചകൃഷി ഒരുക്കങ്ങളും വിതയും തുടങ്ങിയതോടെ ഭീഷണിയായി ഓരുവെള്ളമെത്തി. മഴയും വെള്ളപ്പൊക്കവും മൂലം രണ്ടാകൃഷി നശിച്ചതോടെ കർഷകരുടെ പ്രതീക്ഷ പുഞ്ചകൃഷിയിലാണ്. സാധാരണ നവംബർ പകുതിയോടെ തുടങ്ങേണ്ടതാണെങ്കിലും, രണ്ടാം കൃഷിയുടെ വിളവെടുപ്പ് വൈകിയതിനാൽ പല പാടശേഖരങ്ങളിലും പുഞ്ചകൃഷി ആരംഭിക്കാനായിട്ടില്ല. പുഞ്ചകൃഷിക്കായി ലഭിച്ച വിത്ത് മുളയ്ക്കാത്ത സംഭവവും ചില പാടശേഖരങ്ങളിലുണ്ടായി.

തോട്ടപ്പള്ളി സ്പിൽവേ വഴിയാണ് പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത്. മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം നടത്തിയ പരിശോധനയിലാണ് പാടശേഖരങ്ങളിൽ ഉപ്പിന്റെ അംശം കൂടുലാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജൂണിൽ വേലിയേറ്റത്തിൽ തോട്ടപ്പള്ളി സ്പിൽവേയിലെ ഏഴാം നമ്പർ ഷട്ടർ തകർന്നിരുന്നു. ഇവിടെയുള്ള 40 ഷട്ടറുകളിൽ പകുതിയിലധികവും തകരാറിലാണ്.

അച്ചൻകോവിലാറ്റിലും പല്ലനയാറ്റിലും ഉപ്പിന്റെ സാന്നിദ്ധ്യം വളരെ കൂടുതലാണ്. മണൽച്ചാക്കുകളടുക്കിയാണു താത്കാലികമായി പ്രശ്നം പരിഹരിച്ചിരിക്കുന്നത്. മഴ മാറിനിന്നതോടെയാണ് ഉപ്പുവെള്ളം കയറിത്തുടങ്ങിയത്. ചൊവ്വാഴ്ച പെയ്ത മഴയിൽ പാടശേഖരങ്ങളിലെ ഉപ്പുവെള്ളം ഒഴുകിമാറിയില്ല. സാധാരണഗതിയിൽ ഡിസംബർ പകുതിയോടെയാണ് ഉപ്പുവെള്ളം പാടശേഖരങ്ങളിൽ കയറുന്നത്. വൃശ്ചിക വേലിയേറ്റമെന്ന പ്രതിഭാസമാണിത്. ഈ സമയത്ത് നെൽച്ചെടി വളർച്ചയിൽ എത്തുന്നതിനാൽ കൃഷിയെ ബാധിച്ചിരുന്നില്ല. മണ്ണിലെ ലവണാംശം കാരണം ഫലഭൂയിഷ്ടത കുറയുമെന്നാണ് കർഷകർ പറയുന്നത്.

മഴ രക്ഷിച്ചാൽ ഭാഗ്യം

1. പാടത്ത് വെള്ളം കയറ്റിലായും പ്രശ്നത്തിന് പരിഹാരമാകില്ല

2. മഴ പെയ്ത് മണ്ണിലെ ലവണാംശം ഒഴുകിപ്പോകുകയേ മാർഗമുള്ളൂ

3. ലവണാംശം പോയില്ലെങ്കിൽ വിളവിനെ ദോഷകരമായി ബാധിക്കും

4. ദീർഘകാലത്തേേക്ക് മണ്ണിന്റെ ഘടനയെ ബാധിക്കാനിും സാദ്ധ്യത

സാധാരണ പാടശേഖരങ്ങളിലെ വെള്ളത്തിൽ ഉപ്പിന്റെ സാന്ദ്രത : 2 ടി.എസ്.എസ്

ഇപ്പോൾ : 10-20 ടി.എസ്.എസ്

''തോട്ടപ്പള്ളി സ്പിൽവേയുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കണം. ഇത്തവണ ഓരുവെള്ള ഭീഷണി വിളവെടുപ്പിനെ ബാധിക്കും. പുഞ്ചകൃഷി കുട്ടനാട്ടിലെ എല്ലാ പാടശേഖരങ്ങളിലും ചെയ്യുന്നതാണ്

-(സുനിൽകുപ്പുപ്പുറം, കർഷകൻ -കൈനകരി)