
ആലപ്പുഴ: ജില്ലാ പഞ്ചായത്തിന് കീഴിലെ സ്കൂളുകളിൽ യൂണിഫോമിന് ഏകീകൃത കോഡ് വരുന്നു. സ്കൂളുകളുടെ അഭിപ്രായം ചർച്ച ചെയ്യാൻ അടുത്തയാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും. സ്കൂളിലെ പ്രധാനാദ്ധ്യാപകരും പി.ടി.എ പ്രസിഡന്റുമാരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
ഇതിനുശേഷം പദ്ധതി അനുമതിക്ക് വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നൽകും. യു.പിവരെ സർക്കാരിൽ നിന്ന് സൗജന്യ യൂണിഫോം നൽകുന്നുണ്ട്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള യൂണിഫോമിനുള്ള ഫണ്ട് ജില്ലാപഞ്ചായത്ത് വകയിരുത്തും. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 48 സ്‌കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൊതുവായി ധരിക്കാവുന്ന ജെൻഡർ ന്യൂട്രൽ യൂണിഫോമായി പാന്റ്സും ഷർട്ടും അല്ലെങ്കിൽ ത്രീഫോർത്ത് പാന്റ്സും ഷർട്ടും നിശ്ചയിക്കാനാണ് സാദ്ധ്യത.
ഇതുസംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രധാനാദ്ധ്യാപകരുടെ യോഗത്തിന് ശേഷം തീരുമാനമെടുക്കും.
ജെൻഡർ ന്യൂട്രൽ യൂണിഫോം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും കഴിഞ്ഞദിവസമാണ് ധാരണയിലായത്. അനുമതി ലഭ്യമായാൽ ഈ അദ്ധ്യയന വർഷത്തിൽ തന്നെ യൂണിഫോം ഏകീകരിക്കാനാണ് ജില്ലാ പഞ്ചായത്ത് അധികൃതർ തയ്യാറെടുക്കുന്നത്.
സ്റ്റിച്ചിംഗ് യൂണിറ്റിന് അനുവദിച്ച തുക: ₹ 60 ലക്ഷം
''"
പുതിയ ആശയവും സംരഭവുമായതിനാൽ അദ്ധ്യാപകരുടെ യോഗത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രിയോട് പദ്ധതി നടപ്പാക്കാനുള്ള അനുമതി തേടും. സ്‌കൂളുകളിൽ അടുത്ത അദ്ധ്യയന വർഷം ജെൻഡർ ന്യൂട്രൽ യൂണിഫോം ഏർപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അംഗീകാരം നൽകിയിട്ടുണ്ട്.
കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്