tv-r

തുറവൂർ : സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാത്ത ഒരു ഇരുണ്ട കാലഘട്ടത്തിലേക്ക് കേരളം മാറുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലെന്നും ആലുവയിലെ പെൺകുട്ടിയുടെ ആത്മഹത്യ അതാണ് സൂചിപ്പിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ എ.ഐ.സി.സി.യുടെ നിർദ്ദേശപ്രകാരം ജില്ലയിൽ നടത്തിയ ദ്വിദിന ജനജാഗരൺ അഭിയാൻ പദയാത്രയുടെ സമാപനത്തോടനുബന്ധിച്ചു കുത്തിയതോട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

രണ്ടാം ദിനമായ ഇന്നലെ വളമംഗലം പഴമ്പിളളിക്കാവിൽ നിന്നാംഭിച്ച പദയാത്ര കുത്തിയതോട് പാട്ടുകുളങ്ങരയിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും പദയാത്രയിൽ പങ്കെടുത്തു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന സമാപന സമ്മേളനം കെ.പി.സി.സി. വർക്കിംഗ് പ്രസിഡൻറ് കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി.പ്രസിഡൻറ് ബി. ബാബുപ്രസാദ് അദ്ധ്യക്ഷനായി. ജി.പ്രതാപവർമ്മ തമ്പാൻ, ഡി.സുഗതൻ, ഷാനിമോൾ ഉസ്മാൻ, എ.എ.ഷുക്കൂർ, എം.ലിജു, എം.ജെ.ജോബ്, മാന്നാർ അബ്ദുൾ ലത്തീഫ് , കെ.പി.ശ്രീകുമാർ, എസ്.ശരത്ത്, ബിന്ദു ബൈജു, ടിഫിൻ ജോസഫ്, ദിലീപ് കണ്ണാടൻ, അസീസ് പായിക്കാട്, ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ഉമേശൻ തുടങ്ങിയവർ സംസാരിച്ചു.